പത്തനംതിട്ട: പ്ലസ്ടു പാസായപ്പോള് ഇല്ലാത്ത കാശുണ്ടാക്കി മകന് മൊബൈല് ഫോണ് വാങ്ങി നല്കിയ മാതാവും കുടുംബവും ഒടുക്കം പെരുവഴിയിലായി. സമ്മാനമായി ലഭിച്ച മൊബൈല് ഫോണിലൂടെ പരിചയപ്പെട്ട ഹോം നഴ്സിനൊപ്പം നാടുവിട്ട പതിനേഴുകാരന് ഒടുവില് ചതിയില് കുടുങ്ങിയതോടെയാണ് നിര്ധന കുടുംബത്തിനു കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടിവന്നത്. പത്തനംതിട്ട കലക്ടറേറ്റില് ഇന്നലെ വനിതാ കമ്മിഷനു മുന്നിലാണു തനിക്കുണ്ടായ ദുരനുഭവം മാതാവ് വെളിപ്പെടുത്തിയത്.
പ്ലസ്ടു പാസായപ്പോള് ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്കാന് കഴിയാത്തതിനാല് സമ്മാനമായി ഒരു സ്മാര്ട്ട് ഫോണ് വാങ്ങി നല്കുകയായിരുന്നു. കമ്മിഷനു മുമ്പാകെ മാതാവ് ഉന്നയിച്ച പരാതി ഇങ്ങനെ…
”സോഷ്യല് മീഡിയയിലൂടെ സൗദി അറേബ്യയില് ജോലി ചെയ്യുന്ന ഒരു ഹോം നഴ്സുമായി മകന് ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. തുടര്ന്ന് നാട്ടിലെത്തിയ ഈ സ്ത്രീ പതിനേഴു വയസുകാരനുമായി ബംഗളുരുവിലേക്കു കടന്നു. ആറുമാസം മകന് ഇവര്ക്കൊപ്പമാണ് താമസിച്ചത്. പിന്നീട് ഇവര് തമ്മില് തെറ്റിയതോടെ ഹോം നഴ്സ് തുക തിരികെ ആവശ്യപ്പെട്ടു.
തുക നല്കാന് കഴിയാതെ വന്നതോടെ മകന് തിരികെ വീട്ടിലെത്തി. ക്ഷുഭിതയായ സ്ത്രീ 43,000 രൂപ മടക്കി നല്കുന്നില്ലെന്നു കാണിച്ചു കോടതിയില് ക്രിമിനില് കേസ് രജിസ്റ്റര് ചെയ്തു. ഇതിനിടെ 18 വയസ് പൂര്ത്തിയായ മകന് ഹോം നഴ്സിന്റെ പരാതിയെത്തുടര്ന്നു ജയിലിലുമായി.
ഒടുവില് ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകനു വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ലഭിച്ചതോടെ 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്കണമെന്ന ആവശ്യമായി ഹോം നഴ്സ് വീണ്ടും മുന്നോട്ടുവന്നു.
” പണം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഹോം നഴ്സും ഇന്നലെ വനിതാ കമ്മിഷനു മുമ്പാകെ എത്തിയിരുന്നു. പ്രായപൂര്ത്തിയാകാത്ത ഒരു കുട്ടിയെ അനാശാസ്യ പ്രവര്ത്തനങ്ങള്ക്കു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല് കേസില്പെടുത്തുകയും ചെയ്ത നടപടി അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്നു കമ്മിഷന് വിലയിരുത്തി.
ഹോംനഴ്സിന്റെ പരാതിയില് നടപടിയെടുക്കുക കോടതി വിധിയുടെ അടിസ്ഥാനത്തില് മാത്രമാണെന്നും കമ്മീഷന് അറിയിച്ചു. കുട്ടികള്ക്ക് ആവശ്യപ്പെടുന്നതെന്തും വാങ്ങി നല്കുന്ന രക്ഷിതാക്കള്ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും കമ്മിഷന് നിരീക്ഷിച്ചു.