അസമിലെ പോലീസ് സ്റ്റേഷനില് സ്റ്റേഷനില് ബാലന് ക്രൂര മര്ദ്ദനമേറ്റ സംഭവത്തില് എഎസ്ഐയെ സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്തു.
സംഭവത്തില് വ്യാപകമായ പ്രതിഷേധമുയര്ന്നതിന് പിന്നാലെയാണ് ലഹാരിഘട്ട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉപേന് ബൊര്ദോലായിയെ സസ്പെന്ഡ് ചെയ്തത്.
മാര്ച്ച് ഒമ്പതാം തീയതിയാണ് മൊറിഗാവ് ജില്ലയിലെ ലഹാരിഘട്ട് പോലീസ് സ്റ്റേഷനില്വെച്ച് പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടി മര്ദനത്തിനിരയായത്.
സ്റ്റേഷന് വളപ്പില് നിര്ത്തിയിട്ടിരുന്ന വാഹനത്തില്നിന്ന് ബിസ്കറ്റും കേസ് രേഖകളും മോഷ്ടിക്കാന് ശ്രമിക്കുന്നതിനിടെ ബാലനെ പിടികൂടുകയായിരുന്നു.
തുടര്ന്ന് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി കുട്ടിയെ ക്രൂരമായി മര്ദിച്ചു. എഎസ്ഐ കുട്ടിയെ മര്ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ബനിയനും ലുങ്കിയും മാത്രം ധരിച്ച എഎസ്ഐ വടി കൊണ്ട് കുട്ടിയെ തല്ലുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. അടിക്കരുതെന്ന് കുട്ടി കരഞ്ഞുപറയുന്നതും ദൃശ്യങ്ങളില് കാണാം.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരേ ശക്തമായ പ്രതിഷേധമാണുയര്ന്നത്.
തുടര്ന്നാണ് ഉന്നത ഉദ്യോഗസ്ഥര് എഎസ്ഐയെ സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്ത് ഉത്തരവിട്ടത്.
കുട്ടിയെ മര്ദിച്ച സംഭവം ദൗര്ഭാഗ്യകരമാണെന്നായിരുന്നു മൊറിഗാവ് എസ്.പി. എന്. അപര്ണയുടെ പ്രതികരണം. ‘സാധാരണ വേഷം ധരിച്ച് പോലീസ് ഉദ്യോഗസ്ഥന് കുട്ടിയെ മര്ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില് പ്രചരിച്ചത്. ഇത് ശ്രദ്ധയില്പ്പെട്ടതോടെ പോലീസ് അന്വേഷണം നടത്തി. മാര്ച്ച് ഒമ്പതാം തീയതിയാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷന് വളപ്പില് സൂക്ഷിച്ചിരുന്ന കാറില്നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള് മോഷ്ടിക്കാന് ശ്രമിച്ചതിനാണ് കുട്ടിയെ പിടികൂടിയത്”. എസ്പി പറയുന്നു.
സംഭവത്തില് ആവശ്യമായ നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എസ്.പി. പറഞ്ഞു.
കുട്ടിയ്ക്ക് കൗണ്സിലിംഗ് നല്കിയെന്നും കുട്ടിയെ മുത്തശ്ശിയെ ഏല്പ്പിച്ചതായും എസ്.പി. കൂട്ടിച്ചേര്ത്തു.