വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ച് മുനമ്പം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ഥ കേസുകളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
വൈറ്റിലയിലെ ബേക്കറിയിൽ ജൂസ് മേക്കറായ പാലക്കാട് ഷൊർണൂർ കൊളപ്പുള്ളി കൊങ്ങാളക്കോട്ടിൽ വീട്ടിൽ ജിഷ്ണു (22), വൈക്കത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന മലപ്പുറം വെട്ടത്തൂർ കീഴേക്കളത്തിൽ വീട്ടിൽ ജിജു (24) എന്നിവരാണ് അറസ്റ്റിലായത്.
പള്ളിപ്പുറത്തുനിന്നും കംപ്യൂട്ടർ പഠനത്തിനു പോയ പതിനേഴ് വയസുള്ള പെൺകുട്ടിയെ കാൺമാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ച് ജിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തപ്പോൾ യുവാവിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് അറിയിച്ചതത്രേ.
പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടർന്നായിരുന്നു ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ മൂന്ന് വർഷം മുമ്പ് ഇതേ പോലെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പീഡിപ്പിക്കുകയും ചെയ്ത ജിജുവിനെ കുറിച്ചും പെൺകുട്ടി പോലീസിനെ അറിയിച്ചു.
ഇതിലും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വൈക്കത്ത് നിന്ന് ജിജുവിനെ അറസ്റ്റ് ചെയ്തത്. പോക്സോ കുറ്റം ചുമത്തി ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.