അനന്ത്പൂര്‍: രമാദേവിയാണ് താരം, ആന്ധ്രാപ്രദേശത്തിലെ കടപ്പ സ്വദേശിയായ രമാദേവിയുടെ സാഹസങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ മൂക്കത്തു വിരല്‍വെക്കും. സിനിമയില്‍ മാത്രം കണ്ട് മറഞ്ഞ ആണ്‍വേഷംകെട്ടിയുള്ള വിവാഹ തട്ടിപ്പ് നടത്തിയ ഒരു പെണ്‍കുട്ടിയാണ് രമാദേവി. അതിന് ഇരയായതോ ആന്ധ്രയിലെ പാവപ്പെട്ട മൂന്ന് പെണ്‍കുട്ടികളും.
തമിഴ്നാട്ടിലെ ഒരു നെയ്ത്ത് മില്ലില്‍ ജോലി ചെയ്യുകയാണ് രമാദേവി. എന്നും ആണായി നടക്കാനുള്ള രമാദേവിയുടെ കടുത്ത ആഗ്രഹമാണ് ഇവരെ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യിപ്പിച്ചത്. എപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിക്കുകയും കൂടുതലും ആണ്‍ സുഹൃത്തുക്കളോട് ചങ്ങാത്തം കൂടുകയും ചെയ്യുന്ന ഇവര്‍ക്ക് വിവാഹ ആഗ്രഹം കലശലായതോടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി സൗഹൃദത്തിലായി. പുലിവെന്തുലയിലെ ഒരു മില്ലിലെ ജോലിക്കാരി ആയിരുന്നു ഈ പതിനേഴുകാരി. ചുരുങ്ങിയ സമയം കൊണ്ട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറുകയും രണ്ടു മാസം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹശേഷവും പതിനേഴുകാരി അറിഞ്ഞില്ല താന്‍ വിവാഹം ചെയ്തത് ആണ്‍വേഷം കെട്ടിയ പെണ്ണിനെയാണെന്ന്. എന്നാല്‍ പിന്നീട് കള്ളക്കളി വെളിച്ചത്തായി. തുടര്‍ന്ന് പതിനേഴുകാരിയുടെ മാതാപിതാക്കള്‍ വിവരം അറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ മുന്‍പ് രണ്ട് തവണ രമാദേവി വിവാഹിതയായതായി കണ്ടെത്തി. 16ഉം 17 ഉം വയസുമുള്ള പെണ്‍കുട്ടികളെയാണ് നേരത്തെ രമ വിവാഹം ചെയ്തത്. രമാദേവിയുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുക.