പാലക്കാട്: വാളയാറില്‍ പതിനാറുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കനാല്‍പ്പിരിവ് വെട്ടികാട് വീട്ടില്‍ മുഹമ്മദാലി (43), കനാല്‍പ്പിരിവ് ഉപ്പുകുഴിയില്‍ ജയപ്രകാശ് (44), മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിന്‍ (23) എന്നിവരെയാണു കസബ സി.ഐ: ആര്. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കാരനായ ജയപ്രകാശ് പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണശേഷം ഉറ്റബന്ധുവുമായി അടുപ്പം പുലര്‍ത്തിയ ജയപ്രകാശ് ഈ അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു.
ഇയാള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മരണസമയത്തും അതിനു മുമ്പും ഇയാള്‍ ഇവരുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അറസ്റ്റിലായ വിപിന്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. സ്കൂളില്‍ പോകുന്ന വഴിയിലും വീട്ടിലെത്തുമ്പോഴും ഇയാള്‍ കുട്ടിയെ പിന്തുടര്ന്നെത്തി ഉപദ്രവിച്ചതായി പോലീസ് പറയുന്നു.
ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യംചെയ്തശേഷം വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടി മരിച്ചയുടനെ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹം ആശുപത്രിയിലേക്കു മാറ്റുന്നതും തടഞ്ഞിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് മൃതദേഹം മാറ്റിയത്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ െലെംഗികാതിക്രമത്തിന് ഇരയായതായി സൂചന ലഭിച്ചയുടനെ സംശയനിഴലിലായിരുന്നവരെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.