പാലക്കാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് അമ്മയുടെ പരാതി ! ദുരുപയോഗം ചെയ്തത് മയക്കുമരുന്നിന് അടിമയാക്കിയ ശേഷം…

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

സംഭവത്തില്‍ പോലീസ് ഇടപെടല്‍ വൈകി എന്നാരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്നാണ് ആരോപണം.

പെണ്‍കുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂര്‍ സ്വദേശിയായ 25-കാരനെതിരേയാണ് പരാതി. ഇയാള്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

ഏപ്രില്‍ 30-ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കി.

ജൂണ്‍ 20-ന് പെണ്‍കുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്നറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോവുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോള്‍ പെണ്‍കുട്ടി ഫോണ്‍ വീട്ടില്‍വെച്ചിരുന്നു. ഫോണില്‍ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാവും മുമ്പ് പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നല്‍കിയിരുന്നതായും മനസ്സിലായത്.

ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് അമ്മ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ്. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡനത്തെയും ഭീഷണിയെയും തുടര്‍ന്ന് മാനസികനില തെറ്റിയ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം, മുന്‍പ് യുവാവ് കുട്ടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയുടെ അമ്മയുടെ നിലവിലുളള പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളുടെ വസ്തുതകളെകുറിച്ചും അന്വേഷണം നടത്തുമെന്നും ചാലിശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സി വിനു പറഞ്ഞു.

Related posts

Leave a Comment