പൂച്ചാക്കൽ: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് തോന്നിയവില. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിന് വിജ്ഞാപനം പുറപ്പടുവിക്കും എന്ന സർക്കാർ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കുപ്പിവെള്ളത്തിന് ഒരു ലിറ്ററിന് 18 രൂപ മുതൽ 20 വരെയുമാണ് വ്യാപാരികൾ ഈടാക്കുന്നത്. ഇതിലും കൂടുതൽ തുകയാണ് വിമാനത്താവളങ്ങളിലും മാളുകളിലും ഹോട്ടലുകളിലും സിനിമ തീയറ്ററുകളിലും വാങ്ങുന്നത്.
ചോദ്യം ചെയ്താൽ പോലും വില കുറക്കാൻ തയാറാകാത്തവരുമുണ്ട്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന്10 രൂപയായിരുന്നത് നിർമാതാക്കൾ കുത്തനെ ഉയർത്തുകയായിരുന്നു. ഇന്ധന വില ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ഉയർന്നു എന്ന കാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്.
കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയർന്നപ്പോഴാണ് വ്യാപകമായ പരാതികൾ ഭക്ഷ്യവകുപ്പിന് മുന്നിലെത്തിയത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ കീഴിൽകൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ലീറ്ററിന് 13 രൂപയാക്കാൻ ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗം തീരുമാനിച്ചത്. യോഗത്തിൽ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തു.
അവശ്യസാധന വില നിയന്ത്രണ നിയമത്തിൻ കീഴിലേക്ക് കുപ്പിവെള്ളം വന്നാൽ ഉത്പാദകർക്കും വ്യാപാരികൾക്കും തോന്നും പോലെ വിലകൂട്ടാനാവില്ല. അങ്ങിനെ ചെയ്താൽ അത് കുറ്റകരമായി മാറും. വില നിശ്ചയിക്കുന്നത് സർക്കാരിന്റെ നിയന്ത്രണത്തിലാകുന്നതോടെ ഈ രംഗത്തെ തീവെട്ടിക്കൊള്ള അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനം. മാർച്ച് മാസത്തിലാണ് യോഗം വിളിച്ച് ചേർത്തത്.
ഏപ്രിൽ മുതൽ നിയമം നടപ്പിലാക്കും എന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലാ എന്ന ആക്ഷേപം നിലനിൽക്കുന്നു. ആദ്യ യോഗത്തിൽ സർക്കാർ തീരുമാനപ്രകാരം ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപക്ക് വിൽക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചെങ്കിലും ഒരു വിഭാഗം കന്പനികളും ഇടനിലക്കാരും തയാറായില്ല.
കുപ്പിയുടെ വിലയിലും മറ്റും 48 പൈസയോളം വർധനവെന്ന് ഉത്പാദകർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് 12 ൽ നിന്നും വില 13 രൂപയായി നിശ്ചയിച്ചത്. എന്നാൽ ഈ വിലയിലും കുപ്പിവെള്ളം വിൽക്കാൻ വ്യാപാരികളും ഉത്പാദകരും തയാറായിട്ടില്ല എന്നതാണ് വാസ്തവം. ബഹുരാഷ്ട്ര കുത്തക കന്പനികൾ വിലയിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതും തടസമായി.ഇതോടെ ചെറുകിട കച്ചവടക്കാരാണ് പ്രതിസന്ധിയിലായത്. 154 കന്പനികൾക്കാണ് കുപ്പിവെള്ളം നിർമിക്കാനും വിപണനം നടത്താനുമുള്ള ലൈസൻസുള്ളത്.
ഇതിൽ ഒരു ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നവരും ചെറിയ അളവിൽ വിൽപ്പന നടത്തുന്നവരുമുണ്ട്. വിലയെ ചൊല്ലി പല കടകളിലും കടക്കാരും ഉപഭോക്താക്കളും വാക്കേറ്റം പതിവാണ്. 20 രൂപ എംആർപിയുള്ള കുപ്പിവെള്ളമാണ് ഇപ്പോഴും ഇറക്കുന്നതെന്നും വില കുറച്ചത് അടയാളപ്പെടുത്തിയിട്ടില്ലെന്നുമാണ് കടക്കാർ പറയുന്നത്. 20 രൂപയിൽ കുറച്ച് വിൽപ്പന നടത്താൻ കഴിയില്ലെന്നാണ് അസോസിയേഷനിൽ അംഗമായ കന്പനികളുടെയും കേരളത്തിന് പുറത്തുള്ള ബഹുരാഷ്ട്രകന്പനികളുടെയും വാദം.
ഏഴര മുതൽ എട്ടര രൂപവരെ വിലയിൽ ലഭിക്കുന്ന കുപ്പിവെള്ളമാണ് 20 രൂപ വിലയിട്ട് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. പ്രശ്നം എങ്ങനെ പരിഹരിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. ഇതിനിടയിൽ കഴിഞ്ഞ ദിവസവും ഭക്ഷ്യവകുപ്പ് മന്ത്രി വീണ്ടും യോഗം വിളിച്ച് വിലയിൽ ഏകദേശ ധാരണ ആയിട്ടുണ്ട് എന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ കുപ്പിയുടെയും മറ്റ് അനുബന്ധ ഉൽപ്പെന്നങ്ങളുടെ വില വർധനവ് പരിഗണിച്ച് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയാക്കും എന്നും മറ്റ് കുപ്പിവെള്ളങ്ങളുടെ കാറ്റഗറി തിരിച്ച് വില നിശ്ചയിക്കും എന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലാ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. പ്രകൃതിയുടെ വരദാനമായ കുടിവെള്ളം എല്ലാവരുടെയും അവകാശമാണെന്നും അത് സൗജന്യമായി ഉപയോഗിക്കാൻ അവകാശം ഉണ്ടെന്ന ബോധം വെള്ളക്കച്ചവടക്കാരുടെ ലാഭക്കച്ചവടത്തിൽപ്പെട്ട് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കുപ്പിവെള്ളത്തിന്റെ അമിത വിലയിൽ അടിയന്തരമായി സർക്കാർ ഇടപെട്ട് അമിത വില വർധനയ്ക്കു കടിഞ്ഞാണ് ഇടണമെന്നാണ് ജനങ്ങളുടെ ആവശ്യം.