ചിങ്ങവനം: സങ്കടമഴ പെയ്തിറങ്ങുന്നതിനിടയില്‍ മിന്‍സയ്ക്ക് നിറകണ്ണുകളോടെ നാടിന്റെ യാത്രാമൊഴി. ഖത്തറില്‍ സ്കൂള്‍ ബസില്‍ കുടുങ്ങി മരിച്ച മിന്‍സ എന്ന നാലു വയസുകാരിയെ ഒരു നോക്കു കാണാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി.
വീട്ടിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ക്കു ശേഷം വൈകുന്നേരം 5.30 ഓടെ മിന്‍സയുടെ സംസ്കാരം നടത്തി. കുഞ്ഞുമിന്സയെ വിളിച്ചുകൊണ്ട് സഹോദരി മീഖയുടെ കരച്ചിലാണ് ഏവരുടെയും കണ്ണു നിറച്ചത്. മീഖയുടെ കരച്ചിലില്‍ അതുവരെ പിടിച്ചുനിന്ന പലരും വിങ്ങിപ്പൊട്ടി.
ഞായറാഴ്ച ഖത്തറിലെ കൊടുംചൂടില്‍ സ്കൂള്‍ ബസില്‍ അകപ്പെട്ടു മരണത്തിന് കീഴടങ്ങിയ ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയുടെ വിയോഗം നാടിനാകെ തീരാനൊമ്പരമായി മാറി.
ഖത്തര്‍, അല്വക്ക്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്റര്ഗാര്ട്ടണിലെ വിദ്യാര്‍ഥിനിയായിരുന്ന നാലു വയസുകാരി മിന്‍സ സ്കൂളിലേക്ക് പോയ വാഹനത്തില്‍ ഉറങ്ങിപ്പോകുകയായിരുന്നു.
മറ്റു കുട്ടികള്‍ ബസില്‍നിന്നുമിറങ്ങി സ്കൂളിലേക്ക് പോയെങ്കിലും ഉറങ്ങിക്കിടന്ന മിന്‍സയെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടിപ്പോയി.
ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുവിടാന്‍ ജീവനക്കാര്‍ ബസില്‍ എത്തിയപ്പോഴാണ് കുട്ടി കുടുങ്ങിയതായി അറിയുന്നത്.
കൊടുചൂടില്‍ ശ്വാസം കിട്ടാതെ അവശയായി ജീവന് വെടിയാറായ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം രാവിലെ ഒന്‍പതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചി വിമാനത്താവളത്തില്‍നിന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
ഉച്ചയ്ക്ക് 12.15ന് മൃതദേഹം പന്നിമറ്റത്തെ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരുടെയും ദുഃഖം അണപൊട്ടിയൊഴുകി.
അവധിക്കെത്തി ഒരു മാസം മുന്‍പാണ് മാതാപിതാക്കള്‍ക്കും സഹോദരി മീഖയോടുമൊപ്പം മിന്‍സ പന്നിമറ്റത്തെ വീട്ടില്‍നിന്നും ഖത്തറിലേക്ക് തിരികെ പോയത്.
സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ കുഞ്ഞിന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തിയപ്പോള്‍ കുടുംബാംഗങ്ങളുടെ വാവിട്ട കരച്ചിൽ കണ്ടുനിന്നവര്‍ക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു.
ജന്മദിനംകൂടിയായ ഞായറാഴ്ച രാവിലെ പിതാവിന്റെ കൈപിടിച്ച് സ്കൂളിലേക്കു കുസൃതിച്ചിരിയോടെ നടന്നുപോകുന്ന മിന്‍സയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.
മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പുള്ള കുരുന്നിന്റെ കളിചിരി കാഴ്ചക്കാരുടെ മനസിൽ നൊന്പരമായി.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, സിപിഎം നേതാവ് അഡ്വ. കെ.അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് മെംബര്‍ സിബി ജോണ്‍ എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.