ഒരു മന്ത്രി നടുറോഡിലിറങ്ങി ട്രാഫിക് നിയന്ത്രിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഇല്ലല്ലേ, തലസ്ഥാനനഗരിയില്‍ കഴക്കൂട്ടംമുക്കോലയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്നലെ സഹികെട്ട് പോലീസുകാരന്റെ റോളിലെത്തിയത്. ആക്കുളത്തു ജനത്തിനൊപ്പം ഗതാഗതകുരുക്കില്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനാണു ട്രാഫിക് നിയന്ത്രിച്ചു രംഗത്തു വന്നത്. മുക്കാല്‍ മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണു മന്ത്രിയും ജീവനക്കാരും ചേര്‍ന്നു ഗതാഗതകുരുക്കഴിച്ചത്. രാവിലെ എട്ടോടെയായിരുന്നു നാടകീയ സംഭവങ്ങള്‍.
രാവിലെ കൊല്ലത്തിനു പുറപ്പെട്ടതായിരുന്നു മന്ത്രി. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശികളുടെ നാലു കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാനായിരുന്നു യാത്ര. അഞ്ചു മിനിറ്റ് കഴിഞ്ഞും കുരുക്കഴിയാതെ വന്നതോടെ മന്ത്രി ആദ്യം ഗണ്‍മാനെ രംഗത്തിറക്കി.പിന്നീട് മന്ത്രിയും ഇറങ്ങി. ഉള്ളൂരില്‍ നിന്നു ബൈപാസിലേക്കു കടക്കുന്ന വാഹനങ്ങളെ ഗണ്‍മാനും ബൈപാസിലെ വാഹനങ്ങളെ മന്ത്രിയും നിയന്ത്രിച്ചു. മന്ത്രിയുടെ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ അതുപോലെ അനുസരിച്ചതോടെ കുരുക്കഴിഞ്ഞു വാഹനങ്ങള്‍ ചലിച്ചു.
ബ്ലോക്ക് ഒരുവിധം പരിഹരിച്ചതോടെ യാത്ര തുടരാമെന്ന് പോലീസ് പറഞ്ഞെങ്കിലും മന്ത്രി ചെവികൊണ്ടില്ല. ആദ്യം പ്രശ്നം പരിഹരിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഗതാഗതം സുഖമമായതോടെ യാത്രക്കാരും നാട്ടുകാരും മന്ത്രിയെ അഭിനന്ദിച്ചു. മന്ത്രി ട്രാഫിക് നിയന്ത്രിച്ച വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.