തിരുവനന്തപുരം: ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
ഭർത്താവിൽനിന്നും പീഡനമേറ്റിട്ടും പരാതിക്കാരി അതു പോലീസിൽ അറിയിച്ചിരുന്നില്ല എന്നു പറഞ്ഞപ്പോൾ പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായെന്നും ഈ സാഹചര്യത്തിലാണ് അനുഭവിച്ചോട്ടാ എന്ന പരാമർശം ഉണ്ടയാതെന്നും ഖേദം പ്രകടിപ്പിച്ചുള്ള വാർത്താക്കുറിപ്പിൽ എം.സി.ജോസഫൈൻ പറയുന്നു.
പിന്നീട് ചിന്തിച്ചപ്പോള്‍ താന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ തന്റെ പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈൻ വ്യക്തമാക്കി.
ജോസഫൈന്റെ പരാമർശം വലിയ വിവാദവും വ്യാപക പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. വിവാദ പരാമർശം വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുന്നുണ്ട്.