കോട്ടയം: കഴിഞ്ഞ ദിവസം ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങി മരിച്ച നാലുവയസുകാരി മിൻസയുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിക്കും.
രാവിലെ എട്ടരയോടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിക്കുമെന്നാണ് വിവരം. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കു മെന്നു വീട്ടുകാർ അറിയിച്ചു.
നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയാണ് രണ്ടു ദിവസത്തിനകം നാട്ടിലേക്ക് എത്തിക്കാൻ ഖത്തർ സർക്കാർ ക്രമീകരണം ചെയ്തത്.
ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി, കുട്ടിയുടെ പിതാവ് അഭിലാഷിനെയും മറ്റു കുടുംബാം ഗങ്ങളെയും വീട്ടിലെത്തി സന്ദർശിച്ച് ആശ്വസിപ്പിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തർ സർക്കാർ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന കിന്റർഗാർട്ടൻ അധികൃതർക്കെതിരേയും സ്കൂൾ ബസ് ജീവനക്കാർക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മിൻസ കനത്ത ചൂടേറ്റാണ് മരിച്ചത്. കോട്ടയം ചിങ്ങവനം കൊച്ചുപറന്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകൾ മിൻസ അഞ്ചാം ജന്മദിനത്തിലാണ് മരിച്ചത്.
മറ്റു കുട്ടികൾ പുറത്തിറങ്ങി സ്കൂളിലേക്കു പോയപ്പോൾ മിൻസ ബസിനുള്ളിൽ ഉറങ്ങുന്നതു ശ്രദ്ധയിൽപ്പെടാതിരുന്ന ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു.
ഖത്തറിലെ കനത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചത്. ഉച്ചയ്ക്കു കുട്ടികളെ തിരിച്ചെത്തി ക്കാൻ ബസ് എടുക്കാനെത്തിയപ്പോഴാണ് ബസിൽ കുട്ടി കുടുങ്ങിയതായി കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രരചനാ രംഗത്തും ഡിസൈനിംഗ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും ഏറെ വർഷങ്ങളായി ഖത്തറിലാണ്.
സൗമ്യ കോട്ടയം ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമാണ്. സഹോദരി മീഖ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.