ചിങ്ങവനം: പന്നിമറ്റം കൊച്ചുപറന്പിൽ വീട്ടിൽ ചാക്കോയ്ക്കും ഭാര്യ സെലിനാമ്മയ്ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
ഇനി മിൻസയുടെ കുസൃതി നിറഞ്ഞ ശബ്ദവും ചോദ്യങ്ങളും തങ്ങളെത്തേടി എത്തില്ല എന്ന സത്യത്തോടു പൊരുത്തപ്പെടാനാവാതെ വിതുന്പുകയാണ് ഇവർ.
ഇന്നലെ ഖത്തറിൽ സ്കൂൾ ബസിൽ ഉറങ്ങിപ്പോയതിനെത്തുടർന്ന് കടുത്ത ചൂടേറ്റു മരിച്ച മിൻസ എന്ന നാലു വയസുകാരിയുടെ പിതാവ് അഭിലാഷിന്റെ മാതാപിതാക്കളാണ് ചാക്കോയും സെലിനാമ്മയും.
മിൻസയുടെ അപ്രതീക്ഷിത വേർപാട് അറിഞ്ഞെത്തിയ ബന്ധുക്കൾ ആദ്യം ഇവരെ എങ്ങനെ വിവരം അറിയിക്കുമെന്നറിയാതെ കുഴങ്ങി. ഇന്നലെ മിൻസയുടെ ജന്മദിനം കൂടിയായിരുന്നു.
അതുകൊണ്ടുതന്നെ രാവിലെ സ്കൂളിൽ പോകുന്നതിനു മുന്പ് മിൻസയെ വിളിച്ചു വീട്ടിലെല്ലാവരും ജന്മദിനാശംസകൾ നേർന്നിരുന്നു.
പതിവിൽ കൂടുതൽ സംസാരിച്ചിട്ടാണ് ഇന്നലെ അവൾ ഫോൺ വച്ചതും. അതൊരു യാത്ര പറയൽ ആയതിന്റെ ഞെട്ടലിൽനിന്ന് കുടുംബാംഗങ്ങൾ ആരും മുക്തരായിട്ടില്ല.
സ്കൂൾ ബസിന്റെ സീറ്റിൽ കിടന്ന് ഉറങ്ങിപ്പോയ മിൻസ കിന്റർഗാർട്ടണിൽ എത്തിയപ്പോഴും ഉണർന്നില്ല. മറ്റു കുട്ടികളെ പുറത്തിറക്കിയ ജീവനക്കാർ ബസിനുള്ളിൽ മിൻസ ഉറങ്ങുന്ന കാര്യം ശ്രദ്ധിക്കാതെ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു.
ഖത്തറിലെ കനത്ത ചൂട് അതിജീവിക്കാനാവാതെയാണ് കുരുന്നുജീവൻ പറന്നകന്നത്. മിൻസയുടെ സഹോദരി മിക മറ്റൊരു സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
ചിത്രരചന, ഡിസൈനിംഗ് രംഗത്തു ശ്രദ്ധേയനായ അഭിലാഷ് കുടുംബസമേതം ഏറെക്കാലമായി ഖത്തറിലാണ്. അവധിക്കു വന്നതിനു ശേഷം ഒരു മാസം മുന്പാണ് അഭിലാഷും ഭാര്യ സൗമ്യയും കുട്ടികളുമായി ഖത്തറിലേക്കു മടങ്ങിയത്.