കോട്ടയം/ദോഹ: സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി പെണ്‍കുട്ടി ചൂട് കാരണം മരിച്ച സംഭവത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കുട്ടിയുടെ മാതാപിക്കളുടെ പരാതിയില്‍ ഖത്തര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ(4) ആണ് ജന്മദിനത്തില് ദാരുണമായി മരിച്ചത്.
അല്‍വഖ്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ സ്കൂള്‍ ബസില്‍ സ്കൂളിലേക്കു പോയ കുട്ടി ബസിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.
ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാനെത്തിയപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കുടുങ്ങിയതായി ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചിത്രരചനാ രംഗത്തും ഡിസൈനിംഗ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും ഏറെ വര്‍ഷങ്ങളായി ഖത്തറിലാണ്.