ചേര്‍ത്തല: നഗരത്തിലെ അടച്ചിട്ടിരുന്ന വീടുകളില്‍ രണ്ട് ദിവസത്തിനിടെ നടന്ന മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും മോഷണം നടന്ന വീടുകളിലെത്തി തെളിവുകള്‍ ശേഖരിച്ചു. കേസ് അന്വേഷിക്കുന്നതിന് പോലീസ് പ്രത്യേക സംഘത്തേയും നിയോഗിച്ചു.
സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്ക്കും മറ്റും തകര്‍ത്തശേഷം മോഷണം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഗ്രില്ല് തകര്‍ത്താണ്
നഗരസഭ പത്താം വാര്‍ഡില്‍ മുല്ലപ്പള്ളി ജംങ്ഷന് കിഴക്കുവശം ദേവപ്രിയയില്‍ നാരായണന് നായരുടെ വീട്ടില്‍ നിന്ന് 18പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്.
നാരായണന് നായരും കുടുംബവും തിങ്കളാഴ്ച മുതല്‍ വീട്ടിലില്ലായിരുന്നു. ബുധനാഴ്ച വൈകിട്ട് തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.
വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയത്. മുകളിലത്തെ നിലയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവു അപഹരിച്ചു.
നാരായണന് നായരുടെയും ഭാര്യയുടെയും പാസ്പോര്‍ട്ടുകളും വിലകൂടിയ നാല് വാച്ചുകളും മറ്റും നഷ്ടമായി. സി.സി.ടി.വി. ക്യാമറകളും ഹാര്‍ഡ് ഡിസ്ക്കും മറ്റും നശിപ്പിച്ചിട്ടായിരുന്നു മോഷണം.
ആളില്ലാത്ത വീടുകൾ
നഗരസഭ പത്താം വാര്‍ഡില്‍ തന്നെ കാളികുളം ജംങ്ഷന് കിഴക്കുവശം, അക്ഷയയില്‍ അനില്‍കുമാറിന്റെ വീട്ടിലും മോഷ്ടാക്കള്‍ കയറിയിരുന്നു.
ഈ വീട്ടിലും ആളില്ലായിരുന്നു. എന്നാല്‍ ഇവിടെ പണവും സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിക്കാഞ്ഞതിനാല് മോഷ്ടാക്കള്‍ക്ക് ഒന്നും കിട്ടിയില്ല.
ഇവിടെയും സി.സി.ടി.വി. ക്യാമറകളും ഹാര്‍ഡ് ഡിസ്ക്കും മറ്റും നശിപ്പിച്ചു. രണ്ട് വീടുകള്‍ തമ്മില്‍ ഏതാണ്ട് 100 മീറ്റര്‍ വ്യത്യാസമേയുള്ളു.
തിങ്കളാഴ്ച രാത്രിയാണ് രണ്ട് വീടുകളിലും മോഷ്ടാക്കള്‍ കയറിയതെന്ന് പോലീസ് സംശയിക്കുന്നു.നാരായണന് നായരുടെ വീട്ടിലെത്തിയ പോലീസ് നായ, ഗേള്‍സ് ഹൈസ്കൂള്‍ ജംങ്ഷന് വഴി ഏതാണ്ട് മൂന്ന് കിലോമീറ്ററോളം ഓടി.
തുടര്‍ന്ന് തിരിഞ്ഞു പോന്നു. വിരലടയാള വിദഗ്ധര്‍, നാരായണന് നായരുടെ വീട്ടിലും അനില്‍കുമാരിന്റെ വീട്ടിലുമെത്തി പരിശോധന നടത്തി.
സയന്റിസ്റ്റ് ജോമോന്, മറ്റ് വിദഗ്ദരായ സി.എന്‍. വിനോദ്കുമാര്‍, രാമചന്ദ്രന്, ബിഝു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.