ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി. ഉഗാണ്ട സ്വദേശിയാണ് വിമാനത്തിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വിമാനത്തിലുണ്ടായിരുന്ന ടൊറന്റോ സര്‍വകലാശാലയിലെ പ്രഫസറായ ഡോക്ടര്‍ ഐഷ കാതിബി തന്റെ ട്വീറ്റിലൂടെയാണ് സംഭവം പുറത്തുവിട്ടത്.
ആകാശത്തെ അത്ഭുതമെന്ന നിലയില്‍ കുഞ്ഞിന് മിറാക്കിള്‍ എന്നാണ് പേര് നൽകിയത്. എന്നാൽ പിന്നീട് ഡോക്ടറുടെ പേരും കൂടി ചേര്‍ത്ത് മിറാക്കിള്‍ ഐഷ എന്ന് നാമകരണം ചെയ്തു.
ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു കുഞ്ഞിന്റെ പിറവി.
35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി.
ഡോക്ടര്‍ ഐഷ കാതിബിയും ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്സും ചേർന്നാണ് യുവതിയെ പരിചരിച്ചത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നുവെന്ന് ഡോ. ഐഷ കുറിച്ചു.