ചിലിയിലുടെ തലസ്ഥാനമായ സാന്റിയാഗോയില് നിന്ന് 800 കിലോമീറ്റര് വടക്കുമാറി ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയില് പ്രത്യക്ഷപ്പെട്ട വിചിത്രഗര്ത്തമാണ് ഇപ്പോള് ശാസ്ത്ര ലോകത്ത് സംസാര വിഷയം.
ഈ കുഴി വളരുന്നതായി ശാസ്ത്രജ്ഞരുടെ പഠനത്തില് കണ്ടെത്തിയിരിക്കുകയാണ്. ജൂലൈ 30നാണ് ഈ കുഴി ആദ്യം പ്രത്യക്ഷപ്പെട്ടത്.
104 അടി വിസ്തീര്ണമുണ്ടായിരുന്നു ഈ ഗര്ത്തത്തിന് അപ്പോള്. എന്നാല് ഇപ്പോള് ഇതിന്റെ വ്യാസവും ആഴവും ഒരുപാട് കൂടിയിട്ടുണ്ട്.
യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്ട്ടിയെ മൊത്തത്തില് മൂടുന്ന നിലയിലായിട്ടുണ്ട് കുഴിയുടെ വലുപ്പമെന്ന് വിദഗ്ധര് വിലയിരുത്തുന്നു.
ചിലെയിലെ അല്കാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗര്ത്തം രൂപപ്പെട്ടത്. ലുന്ഡിന് മൈനിങ് എന്ന ഖനന കമ്പനിയാണ് അല്കാപറോസയില് ഖനനം നടത്തുന്നത്.
ആര്ക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഗര്ത്തത്തിലേക്ക് ആരും വീഴാതിരിക്കാനായി ഇതിനു ചുറ്റും കമ്പിവേലി ഉള്പ്പെടെ സുരക്ഷാ സംവിധാനം സര്ക്കാര് ഏര്പ്പെടുത്തിയിട്ടുണ്ട്.
സിങ്ക്ഹോള് എന്ന തരത്തിലുള്ള ഗര്ത്തമാണ് അല്കാപറോസയില് ഉണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര് പറയുന്നു.
ഭൗമോപരിതലത്തിനു താഴെ വെള്ളം പുറത്തേക്കു പോകാന് പറ്റാത്ത സ്ഥിതിയില് തളംകെട്ടുന്നതാണ് സിങ്ക്ഹോളുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത്.
ഖനിപ്രദേശങ്ങളില് ഇവ പലപ്പോഴും ഉണ്ടാകാറുണ്ട്. ഖനനത്തിന്റെ ഭാഗമായി മണ്ണും മറ്റും നീക്കി അവിടെ വെള്ളം തളംകെട്ടുന്നതാണ് ഇതിനു കാരണമാകുന്നത്.
സിങ്ക്ഹോളുകള് ഭൂമിക്ക് കീഴിലുള്ളത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും. വര്ഷങ്ങളോളം ഇങ്ങനെ മറഞ്ഞുകിടക്കുന്ന ഇവ പെട്ടെന്നൊരു ദിവസമാകും തുറക്കപ്പെടുന്നത്.
അങ്ങനെ തുറക്കുമ്പോള് ചിലപ്പോള് വീടുകളും കാറുകളും ആളുകളുമൊക്കെ ഇവയ്ക്കുള്ളിലേക്കു വീഴാനും സാധ്യതയുണ്ട്.
എന്നാല് അമിതമായി നടക്കുന്ന ഖനനത്തിന്റെ പ്രത്യാഘാതമാണ് ഇതെന്നാണ് ടിയാറ അമരില്ലയിലെ ജനങ്ങള് അഭിപ്രായപ്പെടുന്നത്.
നാളുകളായി അല്കാപറോസയില് നടക്കുന്ന ഖനനം ഇവിടെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നെന്നും ആളുകള് അഭിപ്രായപ്പെടുന്നു.
ഇതോടെ ഖനന മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലും സുരക്ഷാ നടപടികളിലും മാറ്റങ്ങള് കൊണ്ടുവരാന് ചിലെ തുടക്കമിട്ടിട്ടുണ്ട്.
അടുത്തിടെ ഒരു ഖനിയില് സ്ഫോടനമുണ്ടായി 2 തൊഴിലാളികള് മരിച്ച സംഭവവുമുണ്ടായിരുന്നു. ഇതെത്തുടര്ന്ന് ഇന്റര്നാഷനല് ലേബര് ഓര്ഗനൈസേഷന് ചട്ടങ്ങള് രാജ്യത്തു പ്രാവര്ത്തികമാക്കാനൊരുങ്ങുകയാണ് ചിലെ സര്ക്കാര്.
ഇതോടൊപ്പം തന്നെ പുതിയ വന്കുഴിക്കു കാരണമായ ഖനന കമ്പനിക്കു മേല് നിയമനടപടികളും കനത്ത പിഴയും ചുമത്താനും ചിലെയില് നീക്കമുണ്ട്.