ഭര്‍ത്താവിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്താണ് എപ്പോഴും ഭാര്യ. പ്രതിസന്ധിഘട്ടങ്ങളില്‍ ലോകം കൈവിട്ടാലും കൂട്ടായി അവളുണ്ടാകും, ആത്മവിശ്വാസം പകര്‍ന്നു കൊണ്ട് അരികില്‍. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ സ്റ്റാന്‍ വാവ്‌റിങ്കയ്‌ക്കെതിരെ റോജര്‍ ഫെഡറര്‍ ഇറങ്ങിയപ്പോള്‍ ക്യാമറക്കണ്ണുകള്‍ പോയത് പ്ലെയര്‍ ബോക്‌സിന് അരികില്‍ ഇരുന്നിരുന്ന ഭാര്യ മിര്‍ക്കയുടെ നേരെയായിരുന്നു. ഭര്‍ത്താവ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ മിര്‍ക്ക കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഫെഡര്‍ പിന്നോട്ട് പോയതോടെ മിര്‍ക്കയ്ക്കും ടെന്‍ഷനായി.
കൈകൂപ്പി പ്രാര്‍ത്ഥിച്ചും പ്രോത്സാഹനം നല്‍കിയും അവര്‍ അക്ഷമയായി ഇരുന്നു. ഇടയ്ക്ക് ടെന്‍ഷന്‍ താങ്ങനാവാതെ തല കുനിച്ചിരുന്നു, നെടുവീര്‍പ്പെട്ടു. ഒടുവില്‍ ഭര്‍ത്താവ് മത്സരത്തിലേക്ക് തിരികെ എത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡിലേക്ക് നോക്കാന്‍ അവര്‍ തയ്യാറായില്ല. കാരണം ക്ഷണികമായ വിജയമല്ലായിരുന്നു മിര്‍ക്ക ആഗ്രഹിച്ചിരുന്നത്.
വാവ്‌റിങ്കയെ അവസാന സെറ്റില്‍ തിരിച്ചടിച്ച് ഫെഡര്‍ തന്റെ 28 ഗ്രാന്റ് സ്ലാം ഫൈനലിന് യോഗ്യനായതോടെയാണ് മിര്‍ക്കയുടെ ശ്വാസം നേരെ വീണത്. കരിയറിന്റെ അവസാനഘട്ടത്തിലൂടെ കടന്ന് പോകുന്ന ഫെഡറര്‍ക്ക് ഈ മത്സരം എത്ര പ്രധാനപ്പെട്ടതാണെന്ന് മിര്‍ക്കയ്ക്ക് നന്നായറിയാം. ലോകം മുഴുവനുമുള്ള ആരാധകരുടേയും വികാരം അപ്പോള്‍ മിര്‍ക്കയുടെ മുഖത്തുണ്ടായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ഫെഡറര്‍ തന്റെ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.