വണ്ടിത്താവളം: ടൗണിൽ വാഹനം ഓടിക്കുന്നവർക്ക് എതിർവശത്തു വരുന്ന വണ്ടി തിരിച്ചറിയാൻ പൊതുമരാമത്തു അധികൃതർ സ്ഥാപിച്ച റിഫ്ളക്ട് മിറർ സാമുഹ്യ വിരുദ്ധർ ദിശ മാറ്റി തിരിച്ചുവച്ചു.
സ്കൂൾ ഗ്രൗണ്ടിൽ നിന്നും വണ്ടിത്താവളം ടൗണിലേക്ക് കുത്തനെ കയറി വരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽ വാഹനം വരുന്നത് തിരിച്ചറിയാനാകാതെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ വ്യാപാര സ്ഥാപനങ്ങളുടെ മറവുകാരണമാണ് എതിർവശത്ത് വരുന്ന വാഹനങ്ങൾ കാണാതാവുന്നത്. ചരക്ക് ലോറികൾക്ക് പ്രധാന പാതയിൽ കയറാൻ പെടാപാടാണുള്ളത്.
ഒരു സ്വകാര്യ ബസും ചരക്ക് ലോറിയും ഈ സ്ഥലത്ത് ഗിയർ ജാമായി മണിക്കുറുകളോളം തടസമുണ്ടായിട്ടുണ്ട്.ഈ സ്ഥലത്ത് മുൻപുണ്ടായ അപകടങ്ങളിൽ ഒരു മധ്യവയസ്കൻ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്.
ഇതുകൂടാതെ വാഹനങ്ങൾ നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറി കെട്ടിടങ്ങൾ തകർന്ന അപകടവും നടന്നിട്ടുണ്ട്. ഈ കാരണത്താൽ തന്നെ ഈ സ്ഥലത്ത് കയറ്റം കയറാതെ കനാൽ ബണ്ടിന്റെ സമീപത്തുകൂടി ബൈപ്പാസ് റോഡ് വേണമെന്ന യാത്രക്കാരുടെ ആവശ്യവും ദിനം പ്രതിശക്തമാവുകയാണ്.
ഈ സാഹചര്യങ്ങൾ വിലയിരുത്തിയ പൊതുമരാമത്ത് അധികൃതർ താൽക്കാലിക പരിഹാരമെന്ന നിലയിലാണ് ഒരു റിഫ്ള്ക്ടീവ് മീറർ സ്ഥാപിച്ചത്. ഇപ്പോൾ ഈ മിറർ ദിശ മാറ്റിയത് കയറ്റം കയറി ടൗണിലേക്ക് വരുന്ന വാഹനങ്ങൾ വീണ്ടും അപകട ഭീഷണിയിലായിരിക്കുകയാണ്.