ചാലക്കുടി: അപകടങ്ങളൊഴിവാക്കാൻ റോഡരികിൽ സ്ഥാപിച്ച കോൺവെക്സ് മിറർ, കണ്ണാടിയില്ലാതെ നോക്കുകുത്തിയായി മാറി.
വിനോദസഞ്ചാര മേഖലയായ അതിരപ്പിള്ളിയിലേക്ക് പോകുന്ന റോഡിൽ എലിഞ്ഞിപ്രയിലാണ് കണ്ണാടി നഷ്ടപ്പെട്ട കോൺവെക്സ് മിറർ നിലകൊള്ളുന്നത്.
തൃശൂർ ഭാഗത്തുനിന്ന് പോട്ട – പനന്പിള്ളി കോളജുകൂടി വരുന്ന റോഡും, ചാലക്കുടി ഭാഗത്തുനിന്നും വരുന്ന റോഡും സന്ധിക്കുന്ന ജംഗ്ഷനിലാണ് അപകടങ്ങളൊഴിവാക്കാൻ കോൺവെക്സ് മിറർ സ്ഥാപിച്ചിരുന്നത്.
ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ പതിവായപ്പോഴാണ് ഇവിടെ രണ്ടുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നതു കാണാൻ കോൺവെക്സ് ലെൻസ് ഉപകരിച്ചിരുന്നു. ഇതിനാൽ ഇവിടെ അപടങ്ങളും കുറഞ്ഞിരുന്നു.
എന്നാൽ ഏതാനും മാസങ്ങൾക്കുമുന്പ് ഏതാനും സാമൂഹ്യദ്രോഹികൾ കോൺവെക്സ് മിറർ കല്ലെറിഞ്ഞു തകർത്തു. ഇതോടെ ഇവിടെ അകടങ്ങളും വീണ്ടും സംഭവിച്ചുതുടങ്ങി. അതിരപ്പിള്ളിയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ തിരക്കേറിയ റോഡിൽ അതിവേഗതയിലാണ് വാഹനങ്ങൾ പോകുന്നത്.
ബൈക്കുകളിൽ പാഞ്ഞുപോകുന്ന യുവാക്കൾ നാട്ടുകാരിൽ ഭീതി പരത്തുന്നുണ്ട്. കാൽനടക്കാർ ജീവൻ പണയംവച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാർ ചേർന്ന് സ്ഥാപിച്ച കോൺവെക്സ് മിററാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. അപകടം പതിയിരിക്കുന്ന ഈ ഭാഗത്ത് അധികൃതർ കോൺവെക്സ് മിറർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.