കൊച്ചി: കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം അഥവാ എംഐഎസ്-സി (മിസ്ക്) ദക്ഷിണേന്ത്യയില്‍ വ്യാപകമായേക്കുമെന്നു മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവിൽതന്നെ എംഐഎസ്-സി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്നു ഡോക്ടര്‍മാര്‍ കരുതുന്നു.
കോവിഡ് ബാധിച്ച കുട്ടികളെയോ, കോവിഡ് ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികളെയോ ആണ് പ്രധാനമായും ഈ രോഗം ബാധിക്കുന്നത്.
മുതിര്‍ന്നവരില്‍ ഇതിനോടകം വ്യാപിച്ചുകഴിഞ്ഞിരിക്കുന്ന കോവിഡ് തരംഗത്തിനുശേഷം മൂന്നു മുതല്‍ ആറ് ആഴ്ച വരെ പിന്നിടുമ്പോഴാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നത്.
രോഗപ്രതിരോധ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വീക്കം കുട്ടികള്‍, കൗമാരക്കാര്‍, ചെറുപ്പക്കാര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്.
രോഗികളില്‍ ഹൃദയത്തിനുണ്ടാകുന്ന തകരാറുകളുടെ തീവ്രതയാണ് രോഗത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് നിര്‍ണയിക്കുകയെന്നു കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റുമറ്റോളജി വിഭാഗത്തിലെ ഡോ. സുമ ബാലന് പറയുന്നു.
ഹൃദയത്തെ സാരമായി ബാധിക്കുന്ന ഘട്ടമുണ്ടായാല്‍ കുട്ടികള്‍ക്ക് ഹൃദയത്തിന്റെ പമ്പിംഗ് മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദം നിലനിര്‍ത്തുന്നതിനുമായി പ്രത്യേകം മരുന്നുകൾ നല്കേണ്ടതാണെന്നു ഡോ. മഹേഷ് കപ്പനായില്‍ പറയുന്നു.