ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം തകര്‍പ്പന്‍ സെഞ്ചുറി നേടിയശേഷം പാക്കിസ്ഥാന് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ് നടത്തിയ പുഷ്അപ് പ്രകടനം വൈറലാകുന്നു. മിസ്ബയുടെ പുഷ്അപ് പ്രകടനം ലോര്‍ഡ്സിലെ ഗാലറികളില്‍ തിങ്ങിനിറഞ്ഞ കാണികളെ രസിപ്പിക്കുകയും ചെയ്തു. തകര്‍ച്ചയിലേക്കു നീങ്ങുകയായിരുന്ന പാക് ഇന്നിംഗ്സിനെ താങ്ങിനിര്‍ത്തിയത് മിസ്ബയുടെ അവസരോചിത ബാറ്റിംഗായിരുന്നു.
ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മിസ്ബ തന്നെ പുഷ്അപ്പിന്റെ രഹസ്യം വെളിപ്പെടുത്തി. പാക്കിസ്ഥാന് പട്ടാളക്കാര്‍ക്കുള്ള നന്ദിപ്രകടനമായിരുന്നത്രേ ക്യാപ്റ്റന്റെ പുഷ്അപ്പും സല്യൂട്ടും. ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് പാക് ടീം അബോട്ടാബാദിലെ പാക് മിലിട്ടറി സെന്ററില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിശീലനത്തിന് ഗ്രൗണ്ടിലേക്ക് കയറുന്ന അവസരത്തില്‍ താരങ്ങളെല്ലാം പത്തു പുഷ്അപ് വീതം എടുത്തിരുന്നു. സൈനികരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അന്ന് മിസ്ബ പട്ടാളക്കാര്‍ക്കു ഒരു വാക്കു നല്‍കിയിരുന്നു. സെഞ്ചുറി നേടിയാല്‍ പത്തു പുഷ്അപ് തൊട്ടുപിന്നാലെ എടുക്കാമെന്ന്. എന്തായാലും മിസ്ബ വാക്കു പാലിച്ചു.