കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ഒരു ദുരൂഹതയായി തുടരുന്നു എട്ടുമാസങ്ങള്‍ക്കിപ്പുറവും. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പിറവും സ്വദേശിനിയായ മിഷേലിനെ കാണാതാകുന്നത്. തൊട്ടടുത്തദിവസം കൊച്ചിക്കായലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. മരണവുമായി ബന്ധപ്പെട്ട് ബന്ധുവും മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിന് എന്ന യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും മരണത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ മാനസികപീഡനം സഹിക്കവയ്യാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്ന വാദം പോലീസ് ഉയര്‍ത്തുന്നുണ്ട്. അതേസമയം മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ മാതാപിതാക്കള്‍ പറയുന്നത്.
അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലും തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് സൈലമ്മ ഷാജി തറപ്പിച്ചുപറയുന്നു. അതേസമയം അന്ന് മിഷേലിന്റെ മരണത്തിനു മുമ്പ് ഫെബ്രുവരി 26ന് നടന്ന ഒരു സംഭവം ഇപ്പോഴും നിഡൂതയായി തുടരുന്നു. മിഷേല്‍ കലൂരിലെ പള്ളിയില്‍ പോയി തിരിച്ചിറങ്ങുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേര് ചോദിച്ചു.’നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും’ പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു, അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളജിലെ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞു.
ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എന്‍ആര്‍ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷന്‍. ഇത്രയും കാര്യങ്ങള്‍ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേല്‍ പറഞ്ഞത്. വീട്ടില്‍ പോലും പറഞ്ഞിരുന്നില്ല. മിഷേലിന്റെ മരണശേഷമാണ് കൂട്ടുകാര്‍ ഇക്കാര്യം വീട്ടില്‍ പറയുന്നത്. അതേസമയം, മരിക്കുന്നതിന്റെ തലേദിവസം മകള്‍ വീട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മാതാവ് പറയുന്നു. തിങ്കളാഴ്ച നടക്കുന്ന ടെസ്റ്റ് പേപ്പറിന് പഠിക്കാനുള്ള ബുക്സ് അബദ്ധത്തില്‍ വീട്ടിലായിപ്പോയി. അത് എടുക്കാന്‍ വന്നോട്ടേയെന്ന് ഞാറാഴ്ച മൂന്ന് മണിക്കാണ് വീട്ടില്‍ വിളിച്ച് മകള്‍ എന്നോട് ചോദിക്കുന്നത്.
ഒറ്റക്കല്ലെ, ഇവിടെയെത്തുമ്പോള്‍ സന്ധ്യയാകും വരേണ്ടെന്നും, സാരമില്ല, ക്ലാസ്സ് ടെസ്റ്റ് പേപ്പറല്ലേ പഠിച്ചില്ലേലും വേണ്ടില്ലാ അത് മറന്നേക്ക്, അല്ലേല്‍ ഞങ്ങള്‍ ബുക്സ് അങ്ങോട്ട് കൊണ്ടുവന്നു തന്നോളാമെന്നും ഞാന്‍ അവളോട് പറഞ്ഞു. എല്ലാ ദിവസവും സംസാരിക്കുന്നതില്‍ നിന്ന് വിത്യാസ്തമായി മകളുടെ സംഭാഷണത്തില്‍ ഒരസ്വഭാവീകതയും തോന്നിയിട്ടില്ല. ഇപ്പോഴും പിറവത്തെ വീട്ടില്‍ മിഷേലിന്റെ മാതാപിതാക്കള്‍ മകള്‍ മരിച്ച ഷോക്കില്‍ നിന്നും മോചിതരായിട്ടില്ല. തങ്ങളുടെ മകളുടെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം അറിയാനുള്ള കാത്തിരിപ്പിലാണ് അവര്‍.