പിറവം: സിഎ വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജി (18) കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തേക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ വീണ്ടും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. മൂന്നുവർഷം മുന്പ് സംഭവിച്ച കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെത്തുടർന്ന് തുടക്കം മുതൽ ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പിതാവ് പിറവം എണ്ണയ്ക്കാപ്പിള്ളിൽ ഷാജി വർഗീസ് ആരോപിക്കുന്നത്.
ഇപ്പോൾ ക്രൈംബാഞ്ച് സംഘവും കേസ് ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കത്തിനെതിരേ ഒട്ടനവധി തെളിവുകളുണ്ടെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു.
2017 മാർച്ച് അഞ്ചിന് വൈകുന്നേരമാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്ക് പോയ മിഷേൽ ഷാജിയെ കാണാതാകുന്നത്. പള്ളിയിൽ പ്രാർഥനയ്ക്കുശേഷം 6.15ന് പുറത്തേക്കിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങൾ പിന്നീട് ലഭിച്ചിരുന്നു.
രാത്രിയേറെയായിട്ടും മിഷേൽ തിരിച്ചുവരാത്തതിനാൽ ഹോസ്റ്റൽ അധികൃതർ ഇക്കാര്യം പിറവത്തെ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ എറണാകുളത്തെത്തി ഹോസ്റ്റൽ അധികൃതരുമായി പോലീസിനെ സമീപിച്ചിരുന്നു.
ഇവിടെനിന്നു നീതിപൂർവമായ സമീപനമല്ല തുടക്കം മുതലുണ്ടായത്. മൂന്നു പോലീസ് സ്റ്റേഷനിലാണ് അർധരാത്രി പരാതി നൽകാനായി കയറിയിറങ്ങേണ്ടി വന്നത്. പിറ്റേദിവസം വൈകുന്നേരം കൊച്ചി കായലിൽനിന്നു മിഷേലിന്റെ മൃതദേഹമാണ് ലഭിച്ചത്.
ആദ്യഘട്ടത്തിൽ സെൻട്രൽ സ്റ്റേഷനിലെ സിഐ അനന്തലാലായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ലോക്കൽ പോലീസ് കാര്യമായ അന്വേഷണം നടത്താത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ സംഭവം നടന്ന് 10 ദിവസങ്ങൾക്കു ശേഷം മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അന്വേഷണത്തിലെ പാളിച്ചകളേക്കുറിച്ച് പരാതി ഉയർന്നതോടെയാണ് ക്രൈംബ്രാഞ്ചിന് ചുമതല നൽകിയത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്പി പി.കെ. മധുവും ഡിവൈഎസ്പി പി.കെ. ശശീന്ദ്രനുമുണ്ടായിരുന്നു.
അന്വേഷണം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ് ശ്രീജിത്തിനെ മാറ്റി കെ.എസ്. സുദർശൻ ചുമതലയേറ്റു. പിന്നീട് ഡിവൈഎസ്പി പി.കെ. ശശീന്ദ്രനേയും ഒഴിവാക്കി ഇതിനു ശേഷം രണ്ടു ഉദ്യോഗസ്ഥർ മാറിവന്ന് ഇപ്പോൾ അന്വേഷണ ചുമതല ഡിവൈഎസ്പി ഇമ്മാനുവൽ പോളിനാണ്.
കഴിഞ്ഞ മൂന്നുവർഷമായി മകളുടെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ അലയുകയാണ്. സിബിഐ അന്വേഷണത്തിൽ മാത്രമാണ് ഇവർ ഇപ്പോൾ വിശ്വസിക്കുന്നത്
. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നിരവധി സംശയങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞയിടെ മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ ഫേസ്ബുക്ക് പേജിൽ കുറിച്ചതും മിഷേൽ ഷാജിയുടെ മരണം കൊലപാതകമാണെന്നായിരുന്നു.