കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലോക്കൽ പോലീസിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണമെന്ന് സൂചന. അറസ്റ്റിലായ ക്രോണിന്റെ സമ്മർദം തന്നെയാണ് മിഷേലിന്റെ മരണത്തിനു കാരണമെന്ന നിലയിലാണ് അന്വേഷണ പുരോഗതി. ഇയാളുടെ മൊബൈൽ ഫോണ്‍ രേഖകളും മറ്റി വിവരങ്ങളും പോലീസ് സംഘം പരിശോധിച്ചു. ക്രോണിൻ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഢിലെ ഓഫീസിലും മറ്റും എത്തി കന്പ്യൂട്ടറും മറ്റു രേഖകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു.
മിഷേൽ മരിച്ചദിവസം ക്രോണിൻ ഛത്തീസ്ഗഢിൽ തന്നെ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാനുള്ള നീക്കമാണ് പുതിയ അന്വേഷണ സംഘം നടത്തുന്നത്. മിഷേലിന്റെ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്. മിഷേലിന്റെ മരണത്തിൽ പ്രതിക്കുള്ള പങ്ക് ശാസ്ത്രീയമായി അവതരിപ്പിക്കുന്ന കുറ്റപത്രം ഒരുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
മിഷേലിന്റെ മരണം: ക്രോണിനെതിരെ പോക്സോ
കൊച്ചി: മിഷേൽ ഷാജി വർഗീസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെ പോക്സോ ചുമത്തി. പ്രായപൂർത്തിയാക്കും മുൻപ് മിഷേലിനെ ഉപദ്രവിച്ചതിനാണ് കേസ്. ക്രൈംബ്രാഞ്ച് കോടതിക്കു റിപ്പോർട്ട് നൽകി.
ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലിൽനിന്നു മൃതദേഹം ലഭിക്കുകയായിരുന്നു.