കൊച്ചി: എറണാകുളത്ത് സിഎയ്ക്കു പഠിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പള്ളിൽ ഷാജി വർഗീസിന്റെ മകൾ മിഷേൽ ഷാജി വർഗീസ് (18) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8.45 ഓടെ എറണാകുളം വാർഫിനു പരിസരത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകുന്നേരം മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിഎക്ക് പഠിക്കുകയായിരുന്നു മിഷേൽ. കച്ചേരിപ്പടിയിൽ തന്നെയുള്ള ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ കലൂർ പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി ഹോസ്റ്റലിൽ നിന്നു പുറത്തേക്കുപോയത്. വൈകുന്നേരം പള്ളിയിൽ പോകുമെന്ന് മിഷേൽ വീട്ടിലേക്കും വിളിച്ചറിയിച്ചിരുന്നു.
എന്നാൽ, പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് ഇന്നലെ ബന്ധുക്കൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി 8.45 ഓടെ എറണാകുളം വാർഫിന്റെ പരിസരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കയച്ചു. പ്രാഥമിക പരിശോധനയിൽ ദുരൂഹത കാണുന്നില്ലെന്നും പെണ്‍കുട്ടിയുടെ മുഖത്തുള്ള മുറിവ് വെള്ളത്തിൽ വീണപ്പോൾ മറ്റോ ഉണ്ടായതാകാനാണ് സാധ്യതയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ ഇക്കാര്യം വ്യക്തമാകുകയുള്ളു എന്നും സെൻട്രൽ സിഐ അനന്തലാൽ പറഞ്ഞു. സൈലമ്മയാണ് മിഷേലിന്റെ മാതാവ്, സഹോദരൻ: മൈക്കിൾ, ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർഥി. സംസ്കാരം ഇന്നു വൈകുന്നേരം മുളക്കുളം കാർമേൽകുന്ന് പള്ളിയിൽ.