ജോമോൻ പിറവം
സിഎ വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജി എന്ന പതിനെട്ട് വയസുകാരിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദൂരുഹതയുടെ ചുരുളഴിക്കാൻ കഴിയാതെ അന്വേഷണ സംഘങ്ങൾ.
മിഷേലിന്റെ മരണത്തിന് പിന്നിൽ ഗൂഡസംഘങ്ങളുണ്ടെന്നാണ് പിതാവ് ഷാജി വർഗീസ് പറയുന്നത്. മരണത്തിന്റെ പേരിൽ പിടികൂടിയ യുവാവിനെ മുൻനിർത്തിക്കൊണ്ട് കേസന്വേഷണം അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്.
കളമശേരി മെഡിക്കൽ കോളജിലെ ഡോ. കെ.എസ്. മീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ സമയം രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്. കൂടാതെ മരണകാരണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ വെള്ളം കയറിയതായി പറയുന്നില്ല. അതേസമയം രക്തത്തിന്റെ അംശം ഉണ്ടെന്നുള്ളത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒട്ടനവധി സംശയങ്ങളാണ് പിതാവ് ഉന്നയിക്കുന്നത്.
പോരാട്ടത്തിൽ പിതാവ്
മിഷേൽ ഷാജി (18) കായലിൽ മരിച്ച നിലയിൽ കാണപ്പെട്ടതു സംബന്ധിച്ചുള്ള അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിയമ പോരാട്ടത്തിലാണ് പിതാവ്. ഹൈക്കോടതിയിലാണ് ഇതു സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നുവർഷമായി മകളുടെ മരണത്തിന്റെ നിജസ്ഥിതി എന്തെന്ന് അറിയാൻ ഷാജി സഞ്ചരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെത്തുടർന്ന് തുടക്കം മുതൽ ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന കേസാണിത്.
സംസ്ഥാന സർക്കാരിനും, പോലീസിനുമെതിരേ ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച കേസ് ഇപ്പോൾ അന്വേഷിക്കുന്ന ക്രൈംബാഞ്ച് സംഘവും ആത്മഹത്യയാണന്നാണ് അടിവരയിടുന്നത്.
പോലീസിന്റെ വീഴ്ച
കേസന്വേഷത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും തുടക്കത്തിൽ നിസംഗതയും, പിന്നീട് ആത്മഹത്യാക്കിയുള്ള അന്വേഷണവുമായിരുന്നു നടന്നത്. മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ കുടുംബാഗങ്ങളോട് ആത്മഹത്യയാണന്ന് പോലീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2017 മാർച്ച് അഞ്ചിന് വൈകുന്നേരമാണ് കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നും കലൂർ പള്ളിയിലേക്ക് സിഎ വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജി പോകുന്നത്. പ്രാർഥനയ്ക്കു ശേഷം 6.15ന് പള്ളിയിൽനിന്നും പുറത്തേക്കിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാത്രിയിൽ മിഷേൽ തിരിച്ചുവരാത്തതിനാൽ ഹോസ്റ്റൽ അധികൃതർ ഉടനെ ഇക്കാര്യം പിറവത്തെ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. മാതാപിതാക്കൾ ഉടനെ എറണാകുളത്തെത്തി ഹോസ്റ്റൽ അധികൃതരുമായി പോലീസിനെ സമീപിച്ചിരുന്നു. കുട്ടിയെ കാണാതായി മണിക്കുറുകൾക്കുള്ളിലാണ് പോലീസിന്റെയടുക്കൽ ഇവരെത്തുന്നത്.
(തുടരും)