പിറവം: സിഎ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജി (18)യുടെ ദുരൂഹമരണത്തേക്കുറിച്ചുള്ള അന്വേഷണം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിബിഐയെ ഏല്‍പ്പിക്കുമെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം കുടുംബാംഗങ്ങള്‍ക്ക് പ്രത്യാശയ്ക്കു വഴിയൊരുക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനം ഇതായിരിക്കുമെന്നാണ് ചെന്നിത്തല പിറവത്തുവച്ച് ഐശ്വര്യ കേരള യാത്രക്കിടെ പ്രഖ്യാപിച്ചത്. മിഷേല്‍ ഷാജി മരണമടഞ്ഞിട്ട് അടുത്ത മാസം നാലു വര്‍ഷമാവുകയാണ്.
സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതാണങ്കിലും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിനെ സമീപിച്ചത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെത്തുടര്‍ന്ന് തുടക്കം മുതല്‍ ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പിതാവ് പിറവം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ ആരോപണം.
2017 മാര്‍ച്ച് അഞ്ചിന് വൈകുന്നേരമാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേല്‍ ഷാജിയെ കാണാതാകുന്നത്.
22 മണിക്കൂറുകള്‍ക്കു ശേഷം കായലില്‍ നിന്നും കൊച്ചി കായലിൽനിന്നും മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.