ജോമോൻ പിറവം
മിഷേൽ ഷാജിയെ കാണാനില്ലെന്നുള്ള പരാതിയുമായി ആദ്യം സമീപിച്ചത് ഹോസ്റ്റലിന്റെ സമീപത്തുള്ള വനിതാ പോലീസ് സ്റ്റേഷനിലായിരുന്നു. ഇവിടെയെത്തിയപ്പോൾ ഈ കേസ് അന്വേഷിക്കേണ്ടത് കസബ പോലീസ് സ്റ്റേഷനിലാണ് അവിടേക്കു പോകണമെന്ന് നിർദേശിച്ചു.
കസബയിലെത്തിയപ്പോൾ മിഷേലിന്റെ മാതാപിതാക്കളോട് കാര്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കിയ ഉദ്യോഗസ്ഥർ ഏറെ നേരം കഴിഞ്ഞാണ് പറയുന്നത്, ഇത് തങ്ങളുടെ പരിധിയിലല്ല, സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന്.
പിന്നീട് സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോഴും ദുരനുഭവങ്ങളായിരുന്നു. ഫോണിന്റെ ലൊക്കേഷൻ അന്വേഷിക്കണമെന്ന് പിതാവ് ഷാജി ആവശ്യപ്പെട്ടുവെങ്കിലും, ഇതറിയാവുന്ന സബ് ഇൻസ്പെക്ടർ ഇവിടെയില്ലെന്നും പിറ്റേദിവസം രാവിലെ 8.30ന് വരാനുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പരാതി എഴുതി നൽകാനും നിർദേശിച്ചു.
കുട്ടി പോയത് കലൂർ പള്ളിയിലേക്കാണന്നും ഇവിടെ പോയി അന്വേഷണം നടത്തുന്നതിന് രാത്രിയായതിനാൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ അയക്കാമോയെന്ന് മാതാപിതാക്കൾ കേണപേക്ഷിച്ചിട്ടും ഇവർ ഇതും ചെവിക്കൊള്ളാൻ തയാറായില്ലെന്ന് ഷാജി പറയുന്നു.
ഷാജി കലൂർ പള്ളിയിലെത്തി വിവരം പറഞ്ഞപ്പോൾ സംഭവത്തിന്റെ ഗൗരവം മനസിലാക്കി ടെക്നീഷ്യനെ വിളിച്ചുവരുത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
മിഷേൽ ഇവിടെയെത്തുന്നതിന്റെയും പ്രാർഥിക്കുന്നതിന്റെയും പിന്നീട് പുറത്തുപോകുന്നതിന്റെയുമെല്ലാം വിവിധ കാമറ ദൃശ്യങ്ങൾ ഉടൻ കൈമാറുകയും ചെയ്തു.
വീണ്ടും സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇതുമായി എത്തിയപ്പോൾ പിറ്റേദിവസം രാവിലെ വന്നാൽമതിയെന്ന മറുപടിയായിരുന്നു. ഈ സമയം പുലർച്ചെ 3.30 കഴിഞ്ഞിരുന്നു.
കാണാതായതിന്റെ പിറ്റേദിവസം വൈകുന്നേരം കൊച്ചി കായലിൽനിന്നും മിഷേലിന്റെ മൃതദേഹമാണ് ലഭിച്ചത്. പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞയുടനെതന്നെ മൊബൈൽ ഫോണ് ലൊക്കേഷനിലൂടെ അന്വേഷണം നടത്തിയെങ്കിൽ മിഷേലിനെ കണ്ടെത്താനാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു.
പോലീസിന്റെ നിസംഗതക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോൾ പിന്നീട് മൂന്നു പോലീസ് സ്റ്റേഷനിലേയും ഏതാനും ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ആത്മഹത്യ
മിഷേലിന്റെ മരണത്തിലുള്ള പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സംഭവം നടന്ന് പത്തു ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഷനിലെ സിഐ അനന്തലാലാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.
ലോക്കൽ പോലീസിന്റെ അന്വേഷണം കാര്യക്ഷമമാവാത്തതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ നിരവധി പാളിച്ചകളുണ്ടായുള്ള ആരോപണം ഉയർന്നിരുന്നതാണ്.
ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്പി പി.കെ. മധുവും, ഡിവൈഎസ്പി പി.കെ. ശശീന്ദ്രനുമുണ്ടായിരുന്നു.
അന്വേഷണം തുടങ്ങി രണ്ടാഴ്ചകഴിഞ്ഞ് ശ്രീജിത്തിനെ മാറ്റി കെ.എസ്. സുദർശൻ ചുമതലയേറ്റു. പിന്നീട് ഡിവൈഎസ്പി പി.കെ. ശശീന്ദ്രനേയും ഒഴിവാക്കി ഇതിനു ശേഷം രണ്ടു ഉദ്യോഗസ്ഥർ മാറിവന്ന് ഇപ്പോൾ അന്വേഷണ ചുമതല ഡിവൈഎസ്പി ഇമ്മാനുവൽ പോളിനാണ്.
ഒരുതവണ മാതാപിതാക്കളെ ക്രൈംബ്രാഞ്ച് കളമശേരിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീടൊന്നുമുണ്ടായിട്ടില്ലെന്നും, നിസഹകരണമാണ് ഇവർക്കെന്നും പിതാവ് പറയുന്നു.