കൊച്ചി: കൊച്ചി കായലിൽ സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിറവം സ്വദേശിയായ യുവാവിനെ ചെന്നൈയിൽനിന്നു വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്യുന്നു. മാർച്ച് അഞ്ചിന് വൈകുന്നേരം മിഷേലിന്റെ ഫോണ് സ്വിച്ച് ഓഫ് ആകുന്നതിനു മുന്പ് അവസാനമായി വന്ന കോൾ ഈ യുവാവിന്റെയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. അതേസമയം, മിഷേലിന്റെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ അനൂപ് ജേക്കബ് എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷേലിനെ കാണാതായെന്ന പരാതി പോലീസ് സ്വീകരിച്ചില്ലെന്ന് അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു. മിഷേലിന്റെ മരണം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
മിഷേലിന്റെ മരണത്തിലെ ദുരൂഹത സമൂഹ്യമാധ്യമങ്ങളിലുൾപ്പടെ ഏറെ ചർച്ചയായിരുന്നു. സിനിമാതാരങ്ങളും യുവജന സംഘടനകളുമടക്കമുള്ളവർ കേസിലെ ദുരൂഹതകളകറ്റണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ജസ്റ്റീസ് ഫോർ മിഷേൽ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാന്പയിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നടൻമാരായ നിവിൻ പോളി, ടോവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരടക്കം കേസിൽ അന്വേഷണമാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിൽ മിഷേലിന്റെ മരണത്തിൽ പോലീസ് കാണിക്കുന്ന നിസംഗതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചെങ്കിലും ആത്മഹത്യയായി കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണം ആത്മഹത്യയാണെന്ന തരത്തിലാണ്. ഇതിൽ തന്നെയാണ് പോലീസും ഉറച്ചുനിൽക്കുന്നത്. റിപ്പോർട്ട് കൂടി ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരും.
കൂടാതെ സംഭവദിവസം കലൂർ പള്ളിയിൽനിന്ന് പ്രാർഥന കഴിഞ്ഞിറങ്ങിയ പെണ്കുട്ടിയെ ബൈക്കിൽ രണ്ടുപേർ പിന്തുടരുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ഇവർക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയെന്നു പറയുന്നതല്ലാതെ ഇവരെ സംബന്ധിച്ച് പോലീസിന് യാതൊരു വിവരവുമില്ല.
പാലാരിവട്ടത്തെ ഒരു സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത് കഴിഞ്ഞ അഞ്ചിനാണ്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽ നിന്നു കലൂർ പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം വൈകുന്നേരം കായലിൽ നിന്നു മൃതദേഹം ലഭിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടക്കമുള്ളവർക്ക് മിഷേലിന്റെ പിതാവ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ ഷാജി വർഗീസ് പരാതി നൽകിയിട്ടുണ്ട്.
കായലിൽ നിന്നു മിഷേലിന്റെ മൃതദേഹം കണ്ടെത്തുന്പോൾ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലത്രെ. 24 മണിക്കൂറോളം വെള്ളത്തിൽ കിടന്നിരുന്നെങ്കിൽ മൃതദേഹത്തിൽ മീൻ കൊത്തുകയും, ആത്മഹത്യയാണങ്കിൽ വയറ്റിൽ വെള്ളം കയറുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതൊന്നും ഇവിടെ സംഭവിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം കണ്ടെടുക്കുന്പോൾ ഏതാനും മണിക്കൂറുകളുടെ പഴക്കം മാത്രമേ ഉണ്ടായിരുന്നുവെള്ളുവെന്നും ഇവിടെയുണ്ടായിരുന്ന മത്സ്യ തൊഴിലാളികൾ പറയുന്നുണ്ട്. മിഷേലിന്റെ മുഖത്ത് നഖങ്ങൾ കൊണ്ട് ഉണ്ടായതുപോലുള്ള മുറിവുകളുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ മരണം ആത്മഹത്യയാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മിഷേലിൻറെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ്- കെഎസ്്\ യു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. പിറവം നഗരസഭയുടെ നേതൃത്വത്തിൽ ഇന്നു സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നൽകുന്നതിനു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തി.