കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കുന്നതില്‍ ഉന്നതനും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തിയുടെ മകനും പങ്കുണ്ടെന്നു മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉന്നതങ്ങളില്‍ പങ്കുള്ള ഒരാളുടെ സഹായമില്ലെങ്കില് സാധാരണക്കാരനായ പ്രതി ക്രോണിന് ഇത്രയും സഹായങ്ങള്‍ ലഭിക്കില്ല. സംഭവശേഷം ഒരാഴ്ച കഴിഞ്ഞാണു ക്രോണിനെ ഛത്തീസ്ഗഡില്‍നിന്നു വിളിച്ചുവരുത്തിയത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ക്രോണിന് വീണ്ടും ജോലി ചെയ്യുന്ന സ്ഥലത്തേക്കു മടങ്ങിപ്പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനു സഹായിച്ചിരിക്കുന്നത് ഉന്നതനായ ഒരു വ്യക്തിയുടെ മകനാണെന്നും ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. 24 മണിക്കൂര്‍ കഴിഞ്ഞു മൃതദേഹം ലഭിച്ചിട്ടും വെള്ളം കുടിക്കാതെ മരിച്ചെന്നു വിശ്വസിക്കാനാകില്ല. മൃതദേഹം ജലജീവികള്‍ ആക്രമിച്ചിട്ടില്ല. കവിളുകളില്‍ നഖം ആഴ്ന്നിറങ്ങിയ പാടുകളും ഇരുകൈകളിലും ബലമായി പിടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. ഇതിനെപ്പറ്റിയൊന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ല.
മിഷേല്‍ കെട്ടിയിരുന്ന വാച്ച് ലഭിക്കാത്തതിനെക്കുറിച്ചും വ്യക്തമായ മറുപടി ക്രൈംബ്രാഞ്ച് നല്‍കിയിട്ടില്ല. പള്ളിയില്‍ അജ്ഞാതരായ രണ്ടുപേര്‍ മിഷേലിനെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഇവർ ആരെന്നു കണ്ടെത്തിയിട്ടില്ല. അന്വേഷണത്തില്‍ ആരോ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന് ഇതൊക്കെ തെളിവാണ്. നീതിതേടി നിയമപോരാട്ടം നടത്തുമെന്നും ഷാജി പറഞ്ഞു.
മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു പ്രചരിപ്പിക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. കൊലപാതകം എന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടായിട്ടും ആത്മഹത്യയാക്കി കേസ് ഒതുക്കിത്തീര്‍ക്കാനാണു ക്രൈംബ്രാഞ്ചിന്റേയും ശ്രമം. മിഷേലിനെ സംഭവദിവസം ഗോശ്രീ പാലത്തില്‍ കണ്ടതായി മൊഴി നൽകിയെന്നു പറയുന്ന വ്യക്തിയുടെ ആദ്യമൊഴി മിഷേലിനെ അല്ല പാലത്തിൽ കണ്ടതെന്നായിരുന്നു. പിന്നീട് ആ വ്യക്തിയെ സാക്ഷിയായി ഉള്‍പ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പിക്ക് ഇത്തരത്തിലുള്ള 22 സംശയങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.