കൊച്ചി: കൊച്ചിക്കായലില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ക്രോണിന് അല്കസാണ്ടറുടെ പങ്കു സ്ഥിരീകരിക്കുന്നത് ഇനിയും വൈകും. ക്രോണിന് തന്റെ ഫോണില്‍നിന്നു മിഷേലിനു വാട്സ് ആപ് മുഖാന്തരവും അല്ലാതെയും അയച്ച സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നു. ഇത് വീണ്ടെടുക്കാനായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയച്ചെങ്കിലും അവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചു സന്ദേശങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നുള്ള മറുപടിയാണ് ക്രൈം ബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്.
ഫോണിലെ വിവരങ്ങള്‍ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. കൊച്ചിക്കായലില്‍ പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഇന്നു മൂന്നു മാസം തികയുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചിട്ടു രണ്ടര മാസത്തിലേറെയായപ്പോഴാണ് തിരുവനന്തപുരം ലാബില്‍നിന്നു വിവരങ്ങള്‍ പരിശോധിക്കാനാവില്ലെന്ന മറുപടി ലഭിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ക്രോണിന്റെ മേലുള്ള കുറ്റം ഇതോടെ തെളിയിക്കാനാകുമോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിനും അവ്യക്തതയുണ്ട്.
മിഷേലിനെ കാണാതായതിനു തലേന്നു ക്രോണിന്റെ ഫോണില്‍നിന്നു മിഷേലിന് 57 സന്ദേശങ്ങള്‍ അയയ്ക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.അതേസമയം, മിഷേല്‍ മരിച്ച ശേഷം അയച്ച സന്ദേശങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുണ്ടായിരുന്നത്.
മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസുകളാണ് ക്രോണിന് അയച്ചത്. എന്നാല്‍, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ മായ്ച്ചു കളഞ്ഞതായാണ് സംശയിക്കുന്നത്. ഈ സന്ദേശങ്ങള്‍ ലഭിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു അയച്ചത്.കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും അടിസ്ഥാനത്തിലാണ് ക്രോണിനെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാവുന്നത്. വൈകുന്നേരം കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനായി ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങി ഗോശ്രീ പാലത്തിലേക്കു നടക്കുന്നതു വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു.
മിഷേല്‍ കായലിലേക്ക് ചാടുന്നതു കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏറെ ശ്രമിച്ചെങ്കിലും ഇതുവരെ ദൃക്സാക്ഷികളാരും രംഗത്തുവന്നിട്ടില്ല. മിഷേലിനെ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമലും മൊഴി നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് മരണം ആത്മഹത്യയെന്ന് പോലീസ് അ നുമാനിക്കുന്നത്. എന്നാല്‍ ഇതു സ്ഥിരീകരിക്കണമെങ്കില്‍ ഫോണില്‍നിന്ന് മായ്ച്ചു കളഞ്ഞ സന്ദേശങ്ങള്‍ ലഭിക്കണമെന്നു ക്രൈംബ്രാഞ്ച്് എസ്പി കെ.എസ്. സുദര്ശന് വ്യക്തമാക്കി.