കൊച്ചി: സിഎ വിദ്യാർഥിനി മിഷേലിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങൾ. സംഭവദിവസം വൈകുന്നേരം കലൂർ പള്ളിയിൽ നിന്നു പുറത്തിറങ്ങിയശേഷം മിഷേൽ എവിടേക്കു പോയി, മരണത്തിലേക്കു നയിക്കുന്ന എന്തു സംഭവമാണ് അതിനുശേഷമുണ്ടായതെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉത്തരമില്ലാതെ അവശേഷിക്കുന്നത്. 6.10 നാണ് കലൂർ പള്ളിയിലെ സിസിടിവി ദൃശ്യത്തിൽ അവസാനമായി മിഷേലിനെ കാണുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അസ്വാഭാവികമായൊന്നും മിഷേലിന്റെ പെരുമാറ്റത്തിൽ കണ്ടെത്തിയിട്ടുമില്ല.
മരണം സംഭവിച്ചത് 7.30 ന് ആണ് എന്നാണ് പോലീസ് പറയുന്നത്. ഈ സമയത്തിനിടയിൽ മിഷേലിനു എന്തുപറ്റി എന്ന കാര്യത്തിലാണ് വ്യക്തത ആവശ്യമായി വരുന്നത്. അതുപോലെ കലൂർ പള്ളിയുടെ പുറത്തെത്തിയപ്പോൾ രണ്ടു പേർ മിഷേലിനെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇവരെ കണ്ടെത്താനും പോലീസിനു കഴിഞ്ഞിട്ടില്ല. ഈ സമയം മിഷേൽ എവിടെ ആയിരുന്നെന്നും പോലീസും പോസ്റ്റുമോർട്ടം റിപ്പോർട്ടും പറയുന്നതുപോലെ ആത്മഹത്യ ആണെങ്കിൽ അതിലേക്ക് നയിക്കുന്ന എന്താണ് അതിനിടയിൽ ഉണ്ടായതെന്നുമുള്ള കാര്യമാണ് പുറത്തുവരേണ്ടത്.
കൂടാതെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത കാരറ്റിന്റെ കഷണങ്ങൾ വയറ്റിൽ കണ്ടെത്തിയിട്ടുണ്ട്. അന്നു ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ കാരറ്റുണ്ടായിരുന്നില്ലെന്ന് ഹോസ്റ്റലിലെ മറ്റു കുട്ടികൾ സാക്ഷ്യപ്പെടത്തുന്നുണ്ട്. മിഷേൽ അന്ന് മറ്റാർക്കെങ്കിലും ഒപ്പം ഭക്ഷണം കഴിച്ചിരുന്നോ എന്നതിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
മിഷേൽ ഗോശ്രീ പാലത്തിൽ നിന്ന് ചാടിയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. മിഷേലിനെ കാണാതായ ദിവസം ഗോശ്രീ രണ്ടാം പാലത്തിൽ സന്ധ്യക്ക് സംശയ സാഹചര്യത്തിൽ യുവതിയെ കണ്ടെന്നും പിന്നീട് അവരെ കാണാതായെന്നും പുതുവൈപ്പ് സ്വദേശിയായ അമൽ മൊഴി നൽകിയിരുന്നു. എങ്കിൽ കലൂർ പള്ളിയിൽ നിന്ന് ഗ്രോശ്രീ പാലത്തിലേക്ക് മിഷേൽ പോയ വാഹനമോ സ്റ്റോപ്പോ ഒന്നും തിരിച്ചറിയാൻ പോലീസിനു സാധിച്ചിട്ടില്ല. റോഡരികിലെ സിസിടിവി കാമറകളിലൊന്നും മിഷേലിന്റെ ദൃശ്യങ്ങളില്ല. ഇതെല്ലാം ദുരൂഹത ഉണ്ടാക്കുന്നതാണ്.
മിഷേലിനോട് അവസാനമായി ഫോണിൽ സംസാരിക്കുന്നത് കേസിൽ റിമാൻഡിലുള്ള പിറവം സ്വദേശി ക്രോണിന്റെ മാതാവാണ്. ഏകദേശം മൂന്നരയോടെ വന്ന ഇവരുമായുള്ള കോളിനു ശേഷം മിഷേലിന്റെ ഫോണിലേക്ക് മറ്റു കോളുകൾ വന്നിട്ടില്ല. ക്രോണിന്റെ അമ്മ മെസേജ് അയച്ചശേഷം മിഷേൽ തിരിച്ചുവിളിക്കുകയായിരുന്നു. ക്രോണിൻ വിളിച്ചിട്ടു മിഷേൽ ഫോണ് എടുക്കാത്തിരുന്നില്ല.
അതുകൊണ്ട് ക്രോണിൻ ആവശ്യപ്പെട്ടിട്ടാണ് മിഷേലിനെ വിളിച്ചതെന്ന് അമ്മ പറഞ്ഞു. ഇതാണ് ഫോണിൽ സംസാരിച്ചതെന്നും അവർ പോലീസിനു മൊഴി നൽകി. അതിനുശേഷമാണ് ഫോണ് സ്വിച്ച് ഓഫ് ആകുന്നത്. ഈ സാഹചര്യത്തിൽ ഈ ഫോണ് കോളിൽ എന്തെങ്കിലും പ്രകോപനപരമായി സംഭവിച്ചോ എന്നുള്ളതും സംശയമുളവാക്കുന്നു. അതിനുശേഷം 3.44 നു എറണാകുളം മാധവാ ഫാർമസി ജംഗ്ഷനാണ് അവസാനമായി മിഷേലിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ലഭിച്ചിരിക്കുന്നത്. അതിനുശേഷം മിഷേൽ ഫോണ് ഓഫ് ചെയ്യുകയോ അല്ലെങ്കിൽ ചാർജ് തീർന്ന് ഓഫ് ആയി പോയതോ ആയിരിക്കണം.
മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികളാണ് പോലീസ് നിരത്തുന്നതെന്ന് പിതാവ് ഷാജി വർഗീസ് പറയുന്നത്. അറസ്റ്റിലായ യുവാവ് ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സമ്മർദ്ദമുണ്ടെന്ന് വരുത്തിതീർക്കുകയാണന്നും കുട്ടിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും പിതാവ് പറയുന്നു. കാണാതായ ദിവസവും സന്തോഷത്തോടെയാണ് മിഷേൽ അമ്മ സൈലമ്മയെ വിളിച്ചു സംസാരിച്ചത്.
വീട്ടിൽ വറുത്ത ചിപ്സ് തനിക്കായി എടുത്തുവയ്ക്കണമെന്നും അമ്മയോടു പറഞ്ഞിരുന്നു. പിറ്റേന്ന് പരീക്ഷ എഴുതുന്ന കാര്യവും അമ്മയുമായി സംസാരിച്ചു. ഗോശ്രീ പാലത്തിൽ നിന്നു ചാടിയാൽ എറണാകുളം വാർഫ് വരെ ഒഴുകിയെത്തുന്പോൾ ഉണ്ടാകുന്ന മുറിവുകൾ ശരീരത്തിൽ ഇല്ലെന്നുള്ളതും ശരീരം മീൻകൊത്താതെയും അഴുകാതെയും ഇരുന്നതും ദുരൂഹത കൂട്ടുന്നു. ഇത്തരം ദുരൂഹതകൾക്ക് ഉത്തരം തേടിയാകും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. ഇന്നു മുതൽ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിക്കും.