പിറവം: മിഷേൽ ആത്മഹത്യ ചെയ്യില്ലെന്നും, യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികൾ നിരത്തി പോലീസ് കേസ് ഫയൽ ക്ലോസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. മകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സമ്മർദ്ദമുണ്ടെന്ന് വരുത്തിതീർക്കുകയാണന്നും കുട്ടിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലായിരുന്നുവെന്നും പിതാവ് ഷാജി വർഗീസ് പറയുന്നു.
ക്രോണ്‍ ബന്ധുവാണന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിക്കുകയാണ്. ഇവരുടെ കുടുംബവുമായി പരിചയം കുറവായിരുന്നുവെന്നും മിഷേലിന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ക്രോണിന്റെ കുടുംബവുമായി ബന്ധമുണ്ടെന്നു മാധ്യമങ്ങളിൽ വാർത്തകണ്ട അറിവേയുള്ളുവെന്നു മിഷേലിന്റെ പിതാവ് പറഞ്ഞു.
കുട്ടിയെ കാണാതായി ആറ് ദിവസം യാതൊരു അന്വേഷണവും നടത്താത്ത പോലീസ് മുൻവിധിയോടെ ആത്മഹത്യയാണന്ന് പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ്. കേവലം ഒറ്റ ദിവസം കൊണ്ട് കാരണം കണ്ടെത്തി കേസ് തീർക്കാനുള്ള പോലീസിന്റെ വ്യഗ്രത സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതാണന്നും ബന്ധുക്കൾ പറയുന്നു. കേസിന്റെ തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നും നിസഹകരണം മാത്രമായിരുന്നുവെന്ന് പിതാവ് ഷാജി പറഞ്ഞു.
കുട്ടിയെ കാണാതായി എന്നറിഞ്ഞ് എറണാകുളത്തെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഇവിടെ അവഗണനയാണ് ലഭിച്ചത്. 18 വയസുള്ള പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നതെന്നും മൊബൈൽ കൈവശമുള്ളതിനാൽ ടവർ ലോക്കേറ്റ് ചെയ്ത് കണ്ടെത്താൻ സാധിക്കുമോയെന്നാണ് പിതാവ് ഷാജി സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ചോദിച്ചത്.
എസ്ഐ രാവിലെ 8.30നെ എത്തുകയുള്ളുവെന്നും എസ്ഐയ്ക്കാണ് ഇതിന്റെ പാസ്വേഡ് അറിയുകയുള്ളുവെന്നും പിറ്റേദിവസം വരാനുമാണ് നിർദേശമുണ്ടായതെന്നും പിതാവ് പറയുന്നു.
പിറ്റേ ദിവസം വീണ്ടും പോലീസിനെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. അന്വേഷിക്കുന്നുണ്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്. വൈകുന്നരം അഞ്ചോടെ കായലിൽ മൃതദേഹം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പിന്നെ പോലീസ് ബന്ധുക്കളെ വിളിക്കുന്നത്. മിഷേലിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.