തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കരയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു. ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.
കാണാതായവർക്കായി മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലാണ് ഫലംകണ്ടത്. എൻജിൻ തകരാറു മൂലമാണ് മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽ കുടുങ്ങിയതെന്നും മൂന്ന് ദിവസമായി ഇവർ ആഹാരം കഴിച്ചിട്ടില്ലെന്നും ഇവരെ രക്ഷപ്പെടുത്തിയവർ പറഞ്ഞു.
ബുധനാഴ്ച വൈകിട്ടു മുതലാണ് വിഴിഞ്ഞത്തു നിന്ന് നാല് പേരെ കാണാതായത്. ഇവരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ്, സ്വന്തം നിലയ്ക്ക് തെരച്ചിൽ നടത്താൻ ഇവർ കടലിലേക്ക് തിരിച്ചത്.