കുറവിലങ്ങാട്: പരീക്ഷകഴിഞ്ഞ് വീട്ടിലെത്താതെ മുങ്ങിയ നാല് വിദ്യാർഥികളെ പോലീസ് ബുദ്ധിയിൽ വലയിലാക്കി. കാണക്കാരി ഗവണ്മെന്റ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി മുങ്ങിയത്.
പോലീസ് ബുദ്ധിയിൽ മണിക്കൂറുകൾക്കുള്ളിൽ വിദ്യാർഥികൾ പോലീസ് വലയിലായത് പോലീസിനും അഭിമാനമായി.
ഇന്നലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ വിദ്യാർഥികൾ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് സജീവമായി പോലീസ് രംഗത്തിറങ്ങുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംസ്ഥാനമാകെ സന്ദേശം കൈമാറി. ഇതിനൊപ്പം വിവിധ സാമൂഹികമാധ്യമങ്ങളിലും വിവരങ്ങൾ പങ്കുവച്ചു. ഇതോടെ അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങൾ പങ്കുവെയ്ക്കപ്പെട്ടു.
ഇതിനിടെ വിദ്യാർഥികൾ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താനായില്ല.
കാണാതായ വിദ്യാർഥികളിൽ ഒരാൾക്ക് മൊബൈൽ ഫോണ് ഉണ്ടായിരുന്നതിനാൽ ഈ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായി പിന്നീട് പോലീസിന്റെ അന്വേഷണം.
അന്വേഷണത്തിൽ അർത്തുങ്കൽ, ചേർത്തല തെക്ക് പ്രദേശത്ത് ഫോണുള്ളതായി പോലീസ് കണ്ടെത്തി. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ളതായി കണ്ടെത്തി.
ഇതിനിടെ കുറവിലങ്ങാട് എസ്ഐ ടി.ആർ. ദീപു ചേർത്തല, അർത്തുങ്കൽ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിന്തുണ അഭ്യർഥിച്ചു.
ഈ ആവശ്യം പരിഗണിച്ച് രംഗത്തിറങ്ങിയ അർത്തുങ്കൽ പോലീസിന്റെ മുന്നിൽ നാലംഗ വിദ്യാർഥിസംഘം പെടുകയായിരുന്നു. അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് അർത്തുങ്കൽ പോലീസ് വിദ്യാർഥികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
വിദ്യാർഥികളെ കണ്ടെത്തിയെന്ന വാർത്ത ഇവരുടെ കുടുംബങ്ങൾക്കും പോലീസിനും നൽകിയ ആശ്വാസം ചെറുതല്ല. ഇവരുടെ യാത്ര സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.