ജോമോൻ പിറവം
പിറവത്തുകാരനായ ഒരു യുവാവുമായി മിഷേൽ ദീർഘനാളായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇവർ തമ്മിൽ അകന്നിരുന്നു. യുവാവ് പലപ്പോഴും മിഷേലിനെ മാനസിക സമ്മർദത്തിലാക്കിക്കൊണ്ടിരുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് അന്വേഷണ സംഘം പറയുന്നു.
മിഷേൽ പള്ളിയിൽ നിന്നുമിറങ്ങിയശേഷം ഗോശ്രീ പാലത്തിലേക്കുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാണ്. ഇവിടെയുള്ള അപ്പാർട്ട്മെന്റിലെ സിസി ടിവി ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്.
നടന്നു മുന്നോട്ടു പോയ മിഷേൽ വൈപ്പിനിലേക്കു പോകുന്ന രണ്ടാമത്തെ ഗോശ്രീപാലത്തിൽ നിന്നും കായലിൽ ചാടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇതുതന്നെ ക്രൈംബ്രാഞ്ചും ശരിവയ്ക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തി പിറവം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവ ദിവസം 57 മെസേജ് മിഷേലിന്റെ മൊബൈൽ ഫോണിൽ വന്നതായി പറയുന്നുണ്ട്. ഇതു വായിച്ചപ്പോഴുണ്ടായ സമ്മർദത്തിലായിരിക്കും ആത്മഹത്യയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ മെസേജുകളിൽ ഭൂരിഭാഗവും തുറുന്നു നോക്കിയിട്ടില്ലെന്നും, ഈ മെസേജിൽ എഴുതിയത് എന്താണെന്നുള്ളത് കണ്ടെത്താനായിട്ടില്ലെന്നും ഷാജി പറയുന്നു.
സിബിഐ അന്വേഷണത്തിലൂടെ മകളുടെ മരണത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഷാജിയും കുടുംബവും. സദാസമയവും ഇതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് ഈ പിതാവ്. ഒട്ടേറെ അന്വേഷണ വിദഗ്ധരുമായും ഡോക്ടർമാരുമായൊക്കെ ചർച്ച ചെയ്ത് നിരവധി കാര്യങ്ങളാണ് ഷാജി ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ നിന്നുമെല്ലാം കൊലപാതകമാണന്നുള്ള ഉറച്ച നിഗമനത്തിലാണ് ഈ കുടുംബം.
ഷാജിയുടെ സംശയങ്ങൾ ഇങ്ങനെ
മിഷേലിന്റെ മരണം കൊലപാതകമാണെന്നുള്ള ഉറച്ച നിലപാടിലാണ് പിതാവ് ഷാജിയും മാതാവ് ഷൈലമ്മയും. ആത്മഹത്യയാണെന്ന് എഴുതി തള്ളാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യഗ്രതയേക്കുറിച്ച് അന്വേഷിച്ചാൽ ആരാണ് പിന്നിലുള്ളതെന്ന് മനസിലാക്കാമെന്ന് ഷാജി പറയുന്നു.
കാണാതായി 22 മണിക്കൂറുകൾക്കു ശേഷം കായലിൽനിന്നും മിഷേലിന്റെ മൃതദേഹം കണ്ടെത്തുന്പോൾ അഴുകുകയോ, ചീർക്കുകയോ, സാധാരണ സംഭവിക്കാറുള്ളതുപോലെ ജലജീവികളാൽ വികൃതമാവുകയോ ചെയ്തിട്ടില്ല. വെള്ളത്തിൽ വീണിട്ട് അധികസമയമായിട്ടില്ലെന്നാണ് ഇതിൽനിന്നും അനുമാനിക്കുന്നത്.
മിഷേലിന്റെ ഫൈബർ സ്ട്രാപ്പുള്ള വാച്ച്, മൊബൈൽ ഫോണ്, മോതിരം, ഹാൻഡ് ബാഗ്, ഷാൾ, ഹാഫ് ഷൂ എന്നിവ എവിടെയാണെന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല.
മിഷേലിന്റെ മൂക്കിന്റെ ഇരുവശത്തും കണ്ട നഖം താഴ്ത്തിയ പാടുകളും, കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചതുപോലുള്ള കരിനീലിച്ച പാടുകളും, ചുണ്ടിലെ മുറിഞ്ഞപാടും എങ്ങനെയുണ്ടായെന്നള്ള വിശദീകരണമില്ല.
കൂടാതെ കൈമുട്ടിൽ നാല് വിരലുകൾ ബലമായി അമർത്തിപ്പിടിച്ചതിന്റെ പാടുകളുമുണ്ട്. കലൂർ പള്ളിയിൽനിന്നും മിഷേൽ പുറത്തിറങ്ങുന്പോൾ രണ്ടു യുവാക്കൾ ഹെൽമറ്റില്ലാതെ ബൈക്കിൽ പിന്തുടരുന്നതായി സിസി ടിവി ദൃശ്യത്തിലുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.
പോലീസിന്റെ എഫ്ഐആറിൽ മാതാപിതാക്കൾ പരാതിയുമായി എത്തിയ തീയതിയും, സമയവുമെല്ലാം കളവായാണ് രേഖപ്പെടുത്തിയിരിക്കുന്നതത്രെ.