ശാസ്താംകോട്ട: കത്തെഴുതി വച്ച ശേഷം അർദ്ധരാത്രിയിൽ വീടുവിട്ടിറങ്ങിയസഹോദരങ്ങളായ കുട്ടികളെ മണിക്കൂറുകൾക്കു ശേഷം കുന്നത്തൂർ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി.
പോരുവഴി മയ്യത്തുംകര സ്വദേശികളായ 13, 11, 9 വയസ് പ്രായമുള്ള കുട്ടികളെ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് കാണാതായത്.
പുലർച്ചെയാണ് വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ശൂരനാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിഐ ഫിറോസ്, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും കുട്ടികളുടെ ഫോട്ടോ ചേർത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
കൊല്ലം റൂറൽ എസ്.പി ഹരിശങ്കറും വിഷയത്തിൽ ഇടപെടുകയും റെയിൽവേ സ്റ്റേഷനുകളിലടക്കം അന്വേഷണം നടത്തുകയും ചെയ്തു.
നിരവധിയാളുകൾ പോസ്റ്റ് ഷെയർ ചെയ്യുകയും പല സ്ഥലങ്ങളിലും പ്രദേശവാസികൾ അന്വേഷണം നടത്തുകയും ചെയ്തു.
ഇതിനിടയിൽ ഇന്നലെ രാവിലെ 11.20 ഓടെ ശൂരനാട് സിഐയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് കുന്നത്തൂർ പാലത്തിനു സമീപത്തെ കടവിൽ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.
വീടു വിട്ടിറങ്ങിയ കുട്ടികൾ നടക്കുന്നതിനിടയിൽ മറ്റൊരു വീട്ടിൽ നിന്നും അവരറിയാതെ എടുത്ത രണ്ട് സൈക്കിളിലായിരുന്നു യാത്ര. സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു വീടുവിട്ടിറങ്ങിയതത്രേ.
കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷാകർത്താക്കൾക്കൊപ്പം വിട്ടയച്ചു.