കൊച്ചി: മുന് മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില് കാര് അപകടത്തില് മരിച്ച സംഭവത്തില് ഫോര്ട്ടുകൊച്ചിയിലെ നമ്പര് 18 ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാറ്റ് ഇന്ന് അന്വേഷണോദ്യോഗസ്ഥര്ക്കു മുന്നില് ഹാജരായി.
ഇന്നുരാവിലെ പത്തിന് തേവര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ഇയാള് ഹാജരായത്. റോയി ഒളിപ്പിച്ചുവെന്നു പറയുന്ന ഡിവിആര് ഹാജരാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ നിസ്സാമുദീൻ, അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എ.അനന്തലാൽ എന്നിവരാണ് ചോദ്യംചെയ്യുന്നത്.
ഡിജിപിയുടെ താക്കീതിൽ നോട്ടീസ്
അതേസമയം ഹോട്ടലുടമ റോയിക്ക് പോലീസ് നോട്ടീസ് നല്കിയത് ഡിജിപിയുടെ താക്കീതിനെ തുടര്ന്നാണെന്ന് അറിയുന്നു.
തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരേ നടപടി വൈകുന്നതില്് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു.
കേസ് ഒതുക്കാന് ബാഹ്യസമ്മര്ദമുണ്ടെന്ന റിപ്പോര്ട്ടിനെ തുടര്ന്നായിരുന്നു ഡിജിപിയുടെ ഇടപെടല് എന്നാണ് അറിയുന്നത്.
ഹോട്ടലിലെ ഡിവിആര് മാറ്റിയത് റോയിയുടെ നിര്ദേശത്തെത്തുടര്ന്ന് അയാളുടെ ഡ്രൈവറാണെന്ന് നേരത്തെ ഹോട്ടല് ജീവനക്കാര് മൊഴി നല്കിയിരുന്നു.
റോയി ഇടുക്കിയിലുള്ള ടെക്നീഷ്യനോട് ചോദിച്ചശേഷമാണ് ഡിവിആര് മാറ്റിയതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ടെക്നീഷ്യനെ റോയി വാട്സ്ആപ് കോളില് വിളിച്ചതിന്റെ വിരവങ്ങളും പോലീസിനു ലഭിച്ചു. അതേസമയം ഇയാള് ദൃശ്യങ്ങള് മാറ്റിയെങ്കിലും എന്വിആര് മാറ്റിയിരുന്നില്ല.പോലീസിന് ലഭിച്ചത് എൻവിആറിലെ ദൃശ്യങ്ങള് മാത്രമാണ്.
ഡിവിആറിലുള്ളത് തര്ക്കത്തിന്റെ ദൃശ്യങ്ങളോ?
ഹോട്ടലില്വച്ച് യുവതികളുമായി തര്ക്കമുണ്ടായതിന്റെ ദൃശ്യങ്ങളോ ഡിവിആറിലുള്ളതെന്നും സംശയമുണ്ട്. മയക്കുമരുന്ന് ഉപയോഗം ഇവിടെ നടന്നതാകാം ഡിവിആര് ഒളിപ്പിച്ചതിനു പിന്നിലെന്നും സംശയിക്കുന്നു.
തര്ക്കം നടക്കുമ്പോള് റോയിയും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നതിന്റെ തെളിവും പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.
കുണ്ടന്നൂരില് വച്ച് ആഡംബര കാറിലെത്തിയ വ്യവസായിയായ സൈജുവുമായി തര്ക്കം നടന്നശേഷമാണ് കാര് അമിതവേഗത്തില് പോയതെന്നും ദൃശ്യങ്ങള് സൂചിപ്പിക്കുന്നുണ്ട്.
പലവട്ടം ഇരുകാറുകളും അമിത വേഗതയില് പായുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
അബ്ദുള് റഹ്മാനെ ചോദ്യം ചെയ്തു
കാറോടിച്ചിരുന്ന അബ്ദുള് റഹ്മാനെ പോലീസ് ഇന്നലെ മൂന്നു മണിക്കൂര് ചോദ്യം ചെയ്തു. അപകടസമയം തങ്ങളെ ആഡംബര കാര് പിന്തുടര്ന്നിരുന്നുവെന്നു ചോദ്യം ചെയ്യലില് ഇയാള് മൊഴി നല്കിയതായി പോലീസ് പറഞ്ഞു.
ഈ മാസം ഒന്നിനുണ്ടായ അപകടത്തില് പരിക്കേറ്റ് ചികില്സയില് കഴിയുകയായിരുന്ന ഇയാളെ ഡിസ്ചാര്ജ് ചെയ്തതിനെ തുടര്ന്നാണ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തത്. അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അപകടത്തില്പ്പെട്ട കാറിനെ സംഭവസമയം മറ്റൊരു കാര് പിന്തുടര്ന്നത് ഉള്പ്പെടെയുള്ള ദുരൂഹതകള് അന്വേഷിക്കാനായി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതിയില് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല് മൂന്നു മണിക്കൂര് മാത്രമാണ് അനുവദിച്ചത്. ചോദ്യം ചെയ്യലിനുശേഷം കോടതിയില് ഹാജരാക്കിയ ഇയാളെ 20 വരെ റിമാന്ഡ് ചെയ്തു.
മോഡലുകളുടെ പോസ്റ്റുമോര്ട്ടത്തിലും ദുരൂഹത
മുന് മിസ് കേരളയുടെയും റണ്ണറപ്പിന്റെയും പോസ്റ്റ്മോര്ട്ടത്തിലും ദുരൂഹത. മൃതദേഹത്തില്നിന്ന് രക്ത, മൂത്ര സാമ്പിളുകള് ശേഖരിച്ചിരുന്നില്ലെന്നാണ് ഇപ്പോള് പുറത്തുവരുന്ന വിവരം.
എറണാകുളം ഗവ. മെഡിക്കല് കോളജിലെ ഫോറന്സിക് വിഭാഗം മേധാവിയുടെ മേല്നോട്ടത്തിലായിരുന്നു പോസ്റ്റുമോര്ട്ടം നടന്നത്.
രക്തസാമ്പിളുകളിലൂടെ മദ്യപിച്ചിട്ടുണ്ടോയെന്നും മൂത്ര പരിശോധനയിലൂടെ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും അറിയാന് കഴിയും.
എന്നാല് ഇത്തരത്തിലുള്ള പരിശോധന നടന്നിട്ടില്ലെന്നാണ് ഇപ്പോള് അറിയാന് കഴിയുന്നത്.