ആലുവ: സ്വർണ കച്ചവടക്കാരിയെന്ന പേരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിൽ നിന്ന് ഇരുപതു ലക്ഷം രൂപ തട്ടിയെടുത്ത മിസോറാം സ്വദേശിനി ലാൽച്വാൻതാങ്ങ് (47) യെ ആലുവ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
ജോർദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണു പണം നഷ്ടപ്പെട്ടത്.
ഡൽഹിയിൽ പലചരക്ക് കട നടത്തുന്ന മിസോറംകാരി, താൻ യുകെ വംശജയാണെന്നും സ്വർണ ബിസിനസുകാരിയെന്നുമാണ് പരിചയപ്പെടുത്തിയത്.
ഇന്ത്യയിൽ സ്വർണ ബിസിനസ് നടത്താൻ താൽപര്യമുണ്ടെന്ന് യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു.
കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഒരു ഡ്രൈവറെ ഏർപ്പെടുത്തണമെന്നും സ്വർണക്കടക്കാരെ പരിചയപ്പെടുത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
യുകെയിൽ നിന്ന് ഡൽഹിയിലേക്കാണു വിമാന ടിക്കറ്റ് കിട്ടിയതെന്ന് തെറ്റിധരിപ്പിച്ച് വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചു കൊടുക്കുകകൂടി ചെയ്തതോടെ യുവാവിന്റെ വിശ്വാസം നേടിയെടുത്തു.
പിന്നീടാണു തട്ടിപ്പിന് കളമൊരുക്കിയത്. കൈവശമുണ്ടായിരുന്ന മൂന്നു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്ന് പറഞ്ഞ് യുവതിയുടെ സന്ദേശം പിന്നാലെ അങ്കമാലി സ്വദേശിക്ക് ലഭിച്ചു.
20 ലക്ഷം രൂപ വിട്ടു കിട്ടാനുള്ള ക്ലിയറൻസിന് നൽകി സഹായിക്കണമെന്നും അഭ്യർഥിച്ചു. തട്ടിപ്പിനിരയാകുകയാണെന്നറിയാതെ യുവാവ് പലരിൽ നിന്നുമായി ഇരുപതു ലക്ഷത്തിലേറെ രൂപ വാങ്ങി യുവതിക്കയയ്ച്ചു കൊടുത്തു.
പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.ഫേസ്ബുക്ക് അക്കൗണ്ടും പിൻവലിക്കപ്പെട്ടു. തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് റൂറൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹി വസന്ത് വിഹാർ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നുമാണ് യുവതിയെ പിടികൂടിയത്.
ഇൻസ്പെക്ടർമാരായ എം.ബി.ലത്തീഫ്, എം.ശ്രീകുമാർ, എസ്ഐ എ.ബി.റഷീദ്, സീനിയർ സിപിഒ നിമ്ന മരയ്ക്കാർ, സിപിഒ വികാസ് മണി, അജ്മൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.