നിയാസ് മുസ്തഫ
മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ പതനം ബിജെപി ഏതാണ്ട് ഉറപ്പാക്കിയതോടെ ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ ശിവരാജ് സിംഗ് ചൗഹാനു കൂടുതൽ സാധ്യത. മൂന്നു തവണ മുഖ്യമന്ത്രിയായ അദ്ദേഹത്തിന് പാർട്ടിയിലും ജനങ്ങളിലുമുള്ള മികച്ച പ്രതിച്ഛായയാണ് തുണയാവുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം നിന്ന് പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് ചുക്കാൻ പിടിച്ച നരോട്ടം മിശ്രയും മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പരിശ്രമിക്കുന്നുണ്ട്.
കമൽനാഥ് സർക്കാരിന് സഭയിൽ ഭൂരിപക്ഷമില്ലെന്നു കാട്ടി ബിജെപി ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് മധ്യപ്രദേശിലെത്തുന്നുണ്ട്. സിന്ധ്യക്ക് ഗംഭീര വരവേല്പ് നൽകാനുള്ള ഒരുക്കത്തിലാണ് ബിജെപി.
ബിജെപിയുടെ 107 എംഎൽഎമാരും ഇപ്പോൾ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുകയാണ്. കോൺഗ്രസിന്റെ നിലവിലുള്ള 92 എംഎൽഎമാർ രാജസ്ഥാനിലെ ജയ്പൂരിലുമുണ്ട്. രാജിവച്ച എംഎൽഎമാർ ബംഗളൂരുവിൽ തുടരുന്നു. ഇവരെ കമൽനാഥ് ബന്ധപ്പെടുന്നുണ്ട്.
മധ്യപ്രദേശ് സർക്കാരിനുവേണ്ടി കർണാടക പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാറും വിമത എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. 13 വിമത എംഎൽഎമാർ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറയുന്നത്.
നാലു സ്വതന്ത്രരും ബിഎസ്പിയിലെ രണ്ടും സമാജ് വാദി പാർട്ടിയിലെ ഒരു എംഎൽഎയും സർക്കാരിനൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ സ്വീകരിച്ചിട്ടില്ല.
രാജിവച്ചവർ നേരിട്ടെത്തി രാജിക്കത്ത് തന്നാലേ സ്പീക്കർ അംഗീകരിക്കുകയുള്ളൂ. 16ന് നിയമസഭാ സമ്മേളനം ആരംഭിച്ചേക്കും. സഭ ചേരുന്ന അന്നുതന്നെ വിശ്വാസവോട്ടെടുപ്പും നടന്നേക്കും.
അതേസമയം, രാജിവച്ച എംഎൽഎമാരിൽ ചിലർ കോൺഗ്രസിനോടൊപ്പം പോകാൻ സാധ്യതയില്ലെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയും കരുതുന്നത്. ബിജെപിക്ക് 107 എം എൽഎമാരുണ്ട്.
ജോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറു മന്ത്രിമാരെ ഒഴിവാക്കണമെന്ന് കാണിച്ച് കമൽനാഥ് നൽകിയ കത്ത് ഗവർണറുടെയും സ്പീക്കറുടെയും പരിഗണനയിലുണ്ട്.