എച്ച്‌ഐവി പോലൊരു രോഗം ബാധിച്ചാല്‍ പിന്നെ ജീവിതം അവിടംകൊണ്ടു തീര്‍ന്നു എന്ന ചിന്തയാണ് ഒട്ടുമിക്ക ആളുകള്‍ക്കും. എന്നാല്‍ പതിനൊന്നാമത്തെ വയസില്‍ എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഹൊഴ്സെല്ലി സിന്‍ഡ വാ എംബോംഗോ എന്ന പെണ്‍കുട്ടി തന്റെ സ്വപ്നജീവിതം അവിടംകൊണ്ടവസാനിപ്പിക്കാന്‍ ശ്രമിച്ചില്ല. കാരണം അവള്‍ക്ക് ഉയരങ്ങള്‍ പലതും താണ്ടേണ്ടിയിരുന്നു. പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 22-ാം വയസ്സില്‍ അഭിമാനകരമായ ഒരു നേട്ടത്തിന്- മിസ്സ് കോംഗോ യു കെ 2017 പട്ടത്തിന് അവള്‍ അര്‍ഹയായി. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വദേശിനിയാണ് ഹോഴ്സെല്ലി.
ബ്രിട്ടനിലെ സ്റ്റാന്‍ഫോര്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും സൗന്ദര്യമുള്ള വനിതയായി ഹൊഴ്സെല്ലി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനില്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിനിയാണ് ഹൊഴ്സെല്ലി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഏറ്റവും സൗന്ദര്യമുള്ള വനിതയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, 2006ലാണ് മിസ് കോംഗോ യുകെ സൗന്ദര്യമത്സരം ആരംഭിച്ചത്. സ്വന്തം രാജ്യത്തേക്ക് തിരികെ പോകണമെന്നും എച്ച്‌ഐവിയെയും എയ്ഡ്സിനെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നുമായിരുന്നു ഹൊഴ്സെല്ലിയുടെ ആഗ്രഹം. ഇതിനായി ഒരു വര്‍ഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ചിലവഴിക്കുമെന്നും അവര്‍ പറഞ്ഞു.
എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഏറെ വേദനാജനകമായിരുന്നെന്ന് ഹൊഴ്സെല്ലി സമ്മതിക്കുന്നു. മറ്റാരെയും കുറ്റപ്പെടുത്തുകയല്ല മുന്നോട്ടു നീങ്ങുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ പല ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത് നേടാനായതില്‍ അതിയായ സന്തോഷമുണ്ട്. അനേകം ആളുകള്‍ക്ക് പ്രചോദനമാവാനും പ്രതീക്ഷയേകാനും എന്റെ വിജയം കൊണ്ട് സാധിച്ചു എന്നെനിക്കുറപ്പുണ്ട്. ഹാഴ്‌സെല്ലി പറയുന്നു. ഓരോ വര്‍ഷവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് എച്ച്‌ഐവി, എയ്ഡ്സ് ബാധയിലൂടെ ജീവന്‍ നഷ്ടമാകുന്നത്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കു പ്രകാരം ഹൊഴ്സെല്ലിയുടെ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ മാത്രം 370000 എച്ച്‌ഐവി ബാധിതരുണ്ട്.
La victoire de @Horcelie_sinda, #MissCongoUK, met en lumière la vie de millions d’Africains qui souffrent du #VIH ???https://t.co/kNmhy5453l pic.twitter.com/b8X2EinloF
— bbcafrique (@bbcafrique) April 4, 2017