കൊച്ചി: മിസ് കേരള വിജയികളായ രണ്ടു യുവതികളുള്‍പ്പെടെ മൂന്നു പേര് മരിക്കാനിടയായ അപകടത്തില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ മാള കോട്ടമുറി സ്വദേശി അബ്ദുള്‍ റഹ്മാനെ (25)ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രി വിട്ടതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അബ്ദുള്‍ റഹ്മാന് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പാലാരിവട്ടം എസ്ഐ കെ.ആര്. രൂപേഷ് പറഞ്ഞു.
മദ്യപിച്ചു അപടകരമായ രീതിയില്‍ വാഹനമോടിച്ചു മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതായാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ മാസം ഒന്നിനു പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം നടന്നത്. മുന്നിലുള്ള ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു പ്രധാന റോഡിനെയും സര്‍വീസ് റോഡിനെയും വേര്‍തിരിക്കുന്ന മീഡിയനില്‍ ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ 2019-ലെ മിസ് കേരള ആന്‍സി കബീറും(25), മിസ് കേരള റണ്ണര്‍ അപ്പ് ഡോ. അഞ്ജന ഷാജനും(24) ഇവരുടെ സുഹൃത്തായ തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് കെ.എ. മുഹമ്മദ് ആഷിഖും(25) മരിച്ചു.
അതേസമയം, അപകടത്തില്‍പ്പെട്ടവര്‍ ഒത്തുകൂടിയ മട്ടാഞ്ചേരിയിലെ ഹോട്ടല്‍ ഈ മാസം രണ്ടിന് എക്സൈസ് പൂട്ടിച്ചു. ഒക്ടോബര്‍ 28ന് രാത്രി വൈകിയും മദ്യവില്പന നടത്തിയത് അറിഞ്ഞാണ് ഈ ഉത്തരവ്. എന്നാല്‍, മൂന്നു പേരുടെ മരണവുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.