കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നു പേര് കാറപകടത്തില്‍ മരിച്ച കേസില്‍ മോഡലുകള്‍ മുമ്പും ഫോര്‍ട്ടുകൊച്ചിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് പോലീസ്.
മിസ് കേരള മത്സര വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ഹോട്ടലില്‍ താമസിച്ചിട്ടില്ലെങ്കിലും മൂന്നു തവണ അവിടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പോലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ച തെളിവുകള്‍ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിനു കൈമാറിയതായാണ് അറിയുന്നത്.
ഹോട്ടലുടമയുടെ ക്ഷണപ്രകാരമാണോ ഇവര്‍ മുമ്പ് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന സംശയത്തിലാണ് പോലീസ്. മോഡലുകളില്‍ ഒരാള്‍ ഹോട്ടലുടമയായ റോയി ജോസഫ് വയലാട്ടിനെ നേരത്തെ പരിചയം ഉണ്ടായിരുന്നു.
ഇത്തരത്തില്‍ ഇയാളുടെ ഇടപെടല്‍ മൂലമാണോ പെണ്‍കുട്ടികള്‍ വീണ്ടും ഹോട്ടലില്‍ എത്തിയതെന്നും പോലീസ് അ്ന്വേഷിക്കുന്നുണ്ട്.
സൈജു ഒളിവില്‍ തന്നെ
മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന് ഇപ്പോഴും ഒളിവില്‍ തന്നെ. ഇയാളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം വിഷമിക്കുകയാണ്. അപകടത്തില്‍ മോഡലുകള്‍ മരിച്ചവിവരം ഹോട്ടലുടമ റോയിയെ വിളിച്ച് ആദ്യം അറിയിച്ചത് ഇയാളാണ്.
പോലീസ് ഇയാളെ ഒരു തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ വാഹനം ഓടിക്കരുതെന്ന് പറയാനാണ് പിന്തുടര്ന്നതെന്നാണ് ഇയാള്‍ പോലീസിനു കൊടുത്ത മൊഴി.
എന്നാല്‍ കാര്‍ കുണ്ടന്നൂരില്‍ നിര്‍ത്തി ഇയാളും മോഡലുകള്‍ സഞ്ചരിച്ച കാറിലെ സംഘം സംസാരിച്ച ശേഷമാണ് മോഡലുകളുടെ കാര്‍ അമിത വേഗത്തില്‍ ഓടിച്ചു പോയത്. ഇതില്‍ത്തന്നെ പൊരുത്തക്കേടുകള്‍ വ്യക്തമാണ്. അതേസമയം അബ്ദുള്‍ റഹ്മാനെ പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെ സൈജു ഒളിവില്‍ പോകുകയായിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ സൈജുവിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
രണ്ടു മൂന്നു ദിവസത്തിനകം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന് പോലീസ് സംഘം പറയുന്നു. സൈജുവിന്റെ മൂൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയെ അറിയിക്കുമെന്നാണ് സൂചന.
കായലില്പരിശോധന ഇന്ന്
ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഹോട്ടല്‍ ജീവനക്കാരന് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തില്‍നിന്ന് കായലിലേക്ക് എറിഞ്ഞ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായി കായലില്‍ ഇന്ന് പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പോലീസ് സംഘം.
പോലീസിനെ കബളിപ്പിക്കാനാണ് റോയി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നു പോലീസ് സംഘം ആദ്യം ചിന്തിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റു തെളിവുകളില്ലാതെ വന്നപ്പോള്‍ കായലിലെ പരിശോധനയ്ക്കായി തയാറായതായാണ് വിവരം.
ഇരുട്ടില്‍തപ്പി പോലീസ്
സംഭവം നടന്ന് മൂന്നു ആഴ്ച പിന്നിടുമ്പോഴും നിര്‍ണായ വിവരങ്ങള്‍ കണ്ടെത്താനാകാതെ അന്വേഷണസംഘം വിഷമിക്കുകയാണ്. കേസില്‍ ഉന്നതരുടെ അടക്കം ഇടപെടലുകള്‍ നടന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
ഇതിനു ശേഷവും കേസില്‍ നിര്‍ണായകമെന്ന് ആദ്യം മുതലേ കരുതപ്പെടുന്ന ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായിട്ടില്ല. അപകടത്തില്‍പ്പെട്ട കാര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജനയുടെകുടുംബം
അപകട മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പോലീസില്‍ പരാതി നല്കി. ഹോട്ടലില്‍നിന്ന് ഇറങ്ങുന്നതുവരെ അഞ്ജനയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നെന്ന് സഹോദരന് അര്ജുന് മാധ്യമങ്ങളോട് പറഞ്ഞു.
യാത്രാമധ്യേ കുണ്ടന്നൂര്‍ ജംഗ്ഷനില്‍വച്ച് എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അവിടെ കാര്‍ നിര്‍ത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ട്. നേരത്തെയും അഞ്ജനയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല.
ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ ഓഡി കാര്‍ ഓടിച്ച സൈജുവിന്റെയും ഹോട്ടല്‍ ഉടമ റോയിയുടെയും പങ്ക് അന്വേഷിക്കണമെന്നും അര്ജുന് വ്യക്തമാക്കി.