സ്വന്തം ലേഖിക
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി സൈജു എം. തങ്കച്ചനെതിരേ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു.മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കേസുകൾ എടുത്തിട്ടുള്ളത്.
ഫോര്‍ട്ടുകൊച്ചി, പനങ്ങാട്, മരട്, എറണാകുളം സൗത്ത്, ഇടുക്കി വെള്ളത്തൂവല്‍ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുവീതവും ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര എന്നിവിടങ്ങളില്‍ രണ്ടു കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓഡി കാര്ഉടമയ്ക്കെതിരേയും കേസ്
ഓടിച്ചിരുന്ന ഓഡി കാറിന്റെ ഉടമ തൃശൂര്‍ സ്വദേശി ഫെബി ജോണിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസെടുത്തു. സൈജുവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. ഇടുക്കി വെള്ളത്തൂവലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഇയാള്‍ സൈജുവിനൊപ്പം പങ്കെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സൈജുവിന്റെയും ഫെബിയുടേയും സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കാക്കനാട്ട് ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയില്‍ ഒരു വനിത ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും.അതൊടൊപ്പം കാട്ടുപോത്തിനെ കറിവച്ചു കഴിച്ച സംഘത്തില്‍ സൈജുവിനൊപ്പം ഫെബിയും പങ്കെടുത്തിരുന്നു. ഈ കേസില്‍ വനംവകുപ്പ് ഇവര്‍ക്കെതിരേ കേസ് എടുക്കുമെന്നും സൂചനയുണ്ട്.
ഫെബിയുടെ ഉടമസ്ഥതയിലുള്ള ഓഡി കാര്‍ സൈജുവിന്റെ ഉപയോഗത്തിനായി ഇയാള്‍ നല്‍കിയിരിക്കുകയായിരുന്നു. കാര്‍ 20 ലക്ഷം രൂപയ്ക്ക് നല്‍കിയെന്നും രജിസ്ട്രേഷന് മാറ്റിയില്ലെന്നുമാണ് സൈജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്.
ജെകെക്കായി വലവിരിച്ച് പോലീസ്
സൈജു സംഘടിപ്പിക്കുന്ന ലഹരി പാര്‍ട്ടികളിലെ നിത്യസന്ദര്‍ശകനായ ജെകെയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ പോലീസ് വലയിലായതായാണ് സൂചന.
ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. കാക്കനാട്ട് സുനില്‍ എന്നയാളുടെ ഉടമസ്ഥതയിലുളള ഫ്ളാറ്റില്‍ സൈജു നടത്തിയ പാര്‍ട്ടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു.
ഇന്ന് കോടതിയില്‍ഹാജരാക്കും
മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സൈജുവിനെ ഇന്നു വൈകുന്നേരം അഞ്ചിനു മുമ്പായി കോടതിയില്‍ ഹാജരാക്കും.