കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചതോടെ തെളിവുകള്‍ വീണ്ടെടുക്കാനാവാതെ കുഴയുകയാണ് അന്വേഷണ സംഘം.
നമ്പര്‍ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ടും ഹോട്ടല്‍ ജീവനക്കാരും ഉള്‍പ്പെടെ ആറു ജീവനക്കാര്‍ക്ക് വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്. ഇതു പോലീസിനു തിരിച്ചടിയായിരിക്കുകയാണ്.
തെളിവ് കായലിൽ?
മോഡലുകള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിസ്ക് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തില്‍നിന്നു കായലിലെറിഞ്ഞുവെന്നു ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഹോട്ടലിലെ ഒന്നാംനിലയിലെയും രണ്ടാം നിലയിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയിരിക്കുന്നത്.
ഇതില്‍ നിന്നുതന്നെ ഇവിടെ അസ്വാഭാവികമായ എന്തെങ്കിലും നടന്നിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം.
യുവതികളടക്കം മരിച്ചതറിഞ്ഞ റോയ് ഹോട്ടലിലെ രാത്രി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ജീവനക്കാരുടെ സഹായത്തോടെ ഹോട്ടലിലെ സിസിടിവി കാമറകള്‍ ഓഫ് ചെയ്യുകയും റോയിയും മരിച്ചവരും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ കാമറ ഏതെന്നു മനസിലാക്കിയശേഷം അത് നശിപ്പിക്കുകയുമാണ് ചെയ്തതെന്നും പോലീസ് പറയുന്നത്.
റോയിയുടെ നിര്‍ദേശ പ്രകാരം പ്രതികളിലൊരാളായ അനിലാണ് സിസിടിവി അഴിക്കുന്ന വിധം സര്‍വീസ് നടത്തുന്ന മെല്‍വിനോട് ഫോണില്‍ തിരക്കിയത്.
തുടര്‍ന്ന് അഴിക്കുന്ന ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി അയച്ച് വാങ്ങിയശേഷം ഇവ ലിന്സണ് റെയ്നോള്ഡിനു കൈമാറി.
ലിന്സണ് ഡിവിആറില്‍നിന്ന് ഹാര്‍ഡ് ഡിസ്ക് അഴിച്ചുമാറ്റി മെല്‍വിനെ ഏൽപ്പിക്കുകയും അഴിച്ചെടുത്ത ഹാര്‍ഡ് ഡിസ്കിന് പകരം മറ്റൊരു ശുന്യമായ ഹാര്‍ഡ് ഡിസ്ക് ഡിവിആറില്‍ ഘടിപ്പിക്കുകയും ചെയ്തു.
ദൃശ്യങ്ങളടങ്ങിയ ഡിസ്ക് മെല്വിന് പിന്നീട് ഷിജുലാലിനെ ഏല്‍പ്പിച്ചു. ഷിജുലാലും വിഷ്ണുകുമാറും ചേര്‍ന്നാണ് കണ്ണങ്ങാട്ട് പാലത്തില്‍നിന്നു ഹാര്‍ഡ് ഡിസ്ക് കായലിലേക്ക് എറിഞ്ഞതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി ഡിസ്ക് വീണ്ടെടുക്കാമെന്ന വിശ്വാസത്തിലായിരുന്നു പോലീസ് സംഘം. ഈ അവസരമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
ഉന്നത അട്ടിമറി
അതേസമയം, പോലീസ് സേനയിലെ ഐപിഎസ് റാങ്കിലുള്ള രണ്ടു ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതായും ആരോപണം ഉയരുന്നുണ്ട്.
സംഭവ ശേഷം പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഐപിഎസ് റാങ്കിലുള്ള സംസ്ഥാന പോലീസ് സേനയിലെ ഉന്നതനും ജില്ലയിലെ ഒരു പോലീസ് ഉന്നതനും ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വിരമിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ് റോയി. ഇതു സംബന്ധിച്ചു സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
മൊഴിയെടുക്കൽ തുടരും
ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം പോലീസില്‍ മൊഴി നല്കാന് എത്തിയിരുന്നു.
മൊഴിയെടുക്കല്‍ ഇന്നും തുടരും. അതേസമയം, മോഡലുകളുടെ മരണത്തില്‍ മറ്റു ദുരൂഹതയില്ലെന്നു തന്നെയാണ് അന്വേഷണ സംഘം പറയുന്നത്.