പെൻസിൽവാനിയ: വിശ്വഹൃദയം കവർന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അർബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ൽ സുസ്മിത സെന്നിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരി ചെൽസി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്.
1995ൽ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്സസുകാരി ചെല്‍സി സ്മിത്ത് നമീബിയയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു. 15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു.
“അവളുടെ ആ ചിരിയും ആത്മവീര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ സുന്ദരിയായ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു”-സുസ്മിത ട്വിറ്ററിൽ കുറിച്ചു. 1994-ല്‍ മനിലയില്‍ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം നേടിയത്.