മുൻ ലോകസുന്ദരി ഡയാന ഹെയ്ഡൻ ഇന്ത്യൻ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ പരാമർശത്തോടു പ്രതികരിച്ച് നടി. തന്റെ ശരീരത്തിന്റെ നിറത്തിൽ താൻ അഭിമാനിക്കുന്നെന്നും മുഖ്യമന്ത്രി പദം വഹിക്കുന്ന ഒരാൾ പരാമർശങ്ങൾ നടത്തുന്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡയാന പ്രതികരിച്ചു.
ചെറുപ്പം മുതൽ തവിട്ട് നിറമുള്ള തൊലിയുടെ പേരിലുള്ള മുൻവിധികളോടു ഞാൻ പോരാടുകയാണ്. അതിൽ ഞാൻ വിജയിക്കുകയും ചെയ്തു. എന്റെ നേട്ടത്തിൽ ജനങ്ങൾ അഭിമാനിക്കുന്നു. അവർ അതിനെ താഴ്ത്തിക്കെട്ടുന്നില്ല. തവിട്ട് ശരീരത്തിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ എനിക്കു മുറിവേറ്റു. മന്ത്രിസ്ഥാനം ഒരു പ്രധാനപ്പെട്ട പദവിയാണ്. പറയുന്ന കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്നു- നടിയും മോഡലുമായ ഡയാന പ്രതികരിച്ചു.
ഐശ്വര്യ റായി ഇന്ത്യൻ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്പോൾ ഡയാന ഹെയ്ഡനെ കണ്ടാൽ അങ്ങനെ തോന്നില്ലെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടുപിടുത്തം. ഇന്ത്യൻ സൗന്ദര്യത്തിന് ഐശ്വര്യത്തിന്റെയും സന്പത്തിന്റെയും ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും സരസ്വതിയുടെയും പ്രത്യേകതകളുണ്ടായിരിക്കണം.
ഹെയ്ഡന് അത്തരം പ്രത്യേകതകളില്ല. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന ആർക്കും കിരീടം ലഭിക്കും. ഡയാന ഹെയ്ഡനുപോലും ലഭിച്ചു- ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.
ഐശ്വര്യ റായി 1994ലും ഡയാന ഹെയ്ഡൻ 1997ലും ആണ് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. വെള്ളിത്തിരയിൽ ഏറെ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും മോഡലിംഗിൽ ഡയാന സ്വന്തം ഇടം ഉറപ്പിച്ചിട്ടുണ്ട്.
മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു എന്ന ബിപ്ലവിന്റെ പരാമർശം കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. യൂറോപ്പുകാരും അമേരിക്കക്കാരും ടെലിവിഷൻ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാർഥത്തിൽ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും മഹാഭാരത യുദ്ധകാലത്തു കൊട്ടാരത്തിൽ ഇരുന്ന അന്ധനായ ധൃതരാഷ്ട്രർക്കു സഞ്ജയൻ യുദ്ധവിവരങ്ങൾ വിവരിച്ചു കൊടുത്തത് ഇന്റർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.