സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങി എഐ സുന്ദരികള്‍. ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്ളുവന്‍സര്‍മാരേയും തെരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തെ എല്ലാ എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 20,000 ഡോളറിന്റെ (ഏകദേശം 16 ലക്ഷം രൂപ) സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്രിയേറ്റര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി കുറച്ച് നിബന്ധനകൾ ഉണ്ട്. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം മാത്രമല്ല ഇവർക്ക് 18 വയസ് പൂര്‍ത്തിയാവുകയും വേണം.
ഓണ്‍ലൈനായാണ് മത്സരം നടക്കുന്നത്. എന്നാൽ ഇതുവരേയും മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം നടക്കും എന്നാണ് പ്രതീക്ഷ. മേയ് 10നാണ് മത്സരത്തിന്റെ ഫലപ്രഖ്യാപനം.