വെള്ളിയാമാറ്റം: പന്ത്രണ്ടുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി.
മഴ മൂലം വീട്ടിൽ താമസിച്ചെത്തിയ പെണ്‍കുട്ടി മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് ആരോടും പറയാതെ വീട്ടിൽനിന്ന് ഇറങ്ങി പോകുകയായിരുന്നു.
മൂലമറ്റത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് വെള്ളിയാമറ്റത്തെ വീട്ടിൽനിന്ന് കാണാതായത്.
വീട്ടിൽനിന്നു പോയ കുട്ടി തോടിനോടുചേർന്ന് ചെരിപ്പ് ഉൗരിവച്ചശേഷം തോട് കടന്നു പോകുന്നത് ചിലർ കണ്ടിരുന്നു.
ഇതോടെ കാഞ്ഞാർ എസ്ഐ ജിബിൻ തോമസ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ സാജൻ ജോണ്‍ എന്നിവരുടെ നേതൃത്വത്തിൽ പോലീസും മൂലമറ്റം ഫയർഫോഴ്സ്, തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ തെരച്ചിൽ നടത്തി.
രാത്രി 7.30 ഓടെ കുട്ടിയെ പൂമാലയ്ക്കു സമീപത്തുള്ള കോഴിഫാമിന്റെ സമീപത്തു കണ്ടെത്തിയതോടെയാണ് മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അറുതിയായത്.
കുട്ടിയെ കാണാതായതു സംബന്ധിച്ച് സോഷ്യൽ മീഡിയയിലും സന്ദേശങ്ങൾ കൈമാറിയിരുന്നു.