യൂട്ട: സെപ്റ്റംബർ 20 മുതൽ കാണാതായ 17 വയസുള്ള മകളെ ആരോ തട്ടികൊണ്ടുപോയതാകാമെന്ന് മാതാവ്.
യൂട്ടായിലുള്ള വീട്ടിൽ നിന്നാണ് സെപ്റ്റംബർ 20ന് പതിനേഴ് വയസുള്ള മോർഗൻ സെഷൻസിനെ കാണാതായത്. തലേദിവസം രാത്രി മകളുടെ ഹോംവർക്കിനെല്ലാം സഹായിച്ച ശേഷമാണ് മാതാവ് ഉറങ്ങാൻ പോയത്.
നേരം വെളുത്തപ്പോൾ മകളെ കാണാൻ കഴിഞ്ഞില്ലെന്ന് മാതാവ് റെബെക്ക ഡേവിഡ് പറഞ്ഞു. സെപ്റ്റംബർ 20നുശേഷം മകൾ ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിട്ടില്ലെന്നും റെബെക്ക പറഞ്ഞു.
മകളെ ആരെങ്കിലും തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ വിട്ടയ്ക്കണമെന്നും അപായപ്പെടുത്തെരുതെന്നും മാതാവ് അപേക്ഷിച്ചു.
ഇപ്പോഴും മകൾ ജീവനോടിരിക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും ഇവർ പറഞ്ഞു. വീട്ടിൽ നിന്നും പോകുന്പോൾ തലേദിവസം പൂർത്തിയാക്കിയ ഹോംവർക്കോ, വാലറ്റോ എടുത്തിരുന്നില്ലെന്നും മാതാവ് വേദനയോടെ പറഞ്ഞു.
ഇപ്പോൾ ഒരു പുതിയ ജോലി മകൾ ആരംഭിച്ചിരുന്നുവെന്നും ഹൈസ്കൂൾ ഗ്രാജുവേഷനുവേണ്ടി തയാറായി കൊണ്ടിരിക്കുകയാണെന്നും മാതാവ് പറഞ്ഞു.
അരിസോണാ അതിർത്തി പ്രദേശങ്ങളിലും സാൾട്ടുലേക്ക് സിറ്റിയിലും മോർഗനെ അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഏതു സാഹചര്യത്തിലാണ് മോർഗനെ കാണാതായെന്നും എന്തു സംഭവിച്ചുവെന്നും അറിയില്ലെന്ന് പോലിസ് അധികൃതരും പറയുന്നു.
പി.പി. ചെറിയാൻ